Sunday, July 5, 2009

ഡെയിഞ്ചറസ്‌ പട്ടി, കോവര്‍ കഴുത, കുരങ്ങന്‍

പൊതുജനത്തിന്‌ നൂറ്റാണ്ടുകളായി നല്‍കി വന്നതാണ്‌ കഴുത എന്ന ഓണററി പദവി. എല്ലാ പൊതുജനങ്ങളും കഴുതകളാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ചിലരുണ്ട്‌, മഹാ കഴുതകളാണെന്നാണ്‌ ചില നേതാക്കള്‍ അടക്കം പറയുന്നത്‌. പാര്‍ട്ടിയെന്നാല്‍ പിണറായി, പിണറായിയെന്നാല്‍ പാര്‍ട്ടി അതേ പാര്‍ട്ടി തന്നെ. 

മഹാകഴുതകള്‍ : രാവിലെ പഴങ്കഞ്ഞി കുടിച്ച്‌ പണിക്കുപോകും, പഴങ്കഞ്ഞിയില്ലാത്തവര്‍ രണ്ട്‌ പൊറോട്ട കഴിച്ച്‌ രണ്ടുലിറ്റര്‍ വെള്ളം കുടിക്കും, വൈകിട്ട്‌ പണികഴിഞ്ഞ്‌ പാര്‍ട്ടിയാപ്പീസില്‍ വന്ന്‌ വഴിതടയലോ കല്ലേറോ ഉണ്ടോ എന്നന്വേഷിച്ചിട്ടേ വീട്ടില്‍ പോകാറുള്ളൂ. വീട്ടില്‍ പോയി കുമ്പിളില്‍ കഞ്ഞികുടിക്കും.

കോവര്‍കഴുതകള്‍ : ഇത്തരം കഴുതകള്‍ പക്ഷേ കേരളത്തില്‍ പേരിനു മാത്രമേയുള്ളൂ. പാര്‍ട്ടിയെക്കുറിച്ച്‌ വേണ്ടാത്തതൊക്കെ പറഞ്ഞുപരത്തുകയാണ്‌ മുഖ്യതൊഴില്‍. പാര്‍ട്ടി അഥവാ പിണറായി അദ്ദേഹത്തിന്റെ അഭാവത്തില്‍ മീശപിരിച്ച്‌ കണ്ണുരുട്ടി രോമം പിടിച്ചുപറിക്കുന്ന ജയരാജന്‍, മഞ്ഞപ്പിത്തം പിടിച്ച ജയരാജന്‍, മന്ദബുദ്ധി ജയരാജന്‍ ഇവരൊക്കെ എന്തുപറഞ്ഞാലും അതേറ്റുപറഞ്ഞും പറഞ്ഞതുതന്നെ വീണ്ടും സമയം പോക്കും. പാര്‍ട്ടിയാപ്പീസിനുമുന്നിലെ സര്‍വേക്കല്ലില്‍ പട്ടി മൂത്രമൊഴിച്ചാല്‍ അത്‌ അമേരിക്കന്‍ ഗൂഡാലോചനയാണെന്ന്‌ വല്ല രാജന്മാരും പറഞ്ഞാല്‍ പിറ്റേന്നു വണ്ടക്ക നിരത്തും, പിണറായി വല്ലവനേം എടോ പോടോ നികൃഷ്ടജീവി കുലം കുത്തി എന്നൊക്കെ വിളിച്ചാല്‍ അതും എഴുതി നിറക്കും. അതൊക്കെ സഹിക്കാം. മഹാ പിന്തിരിപ്പനും കണ്ണില്‍ കണ്ടതെല്ലാം വെട്ടിനിരത്തുന്നവനുമായ മുഖ്യമന്ത്രി വി എസിനെ പടച്ചോനായും കേരളമണ്ണിന്റെ ഫാവി പ്രതീക്ഷയും പീഡനക്കാരുടെയും കൈയേറ്റക്കാരുടേയും ഒക്കെ കാലനായുമൊക്കെ എഴുതിപ്പിടിപ്പിച്ചു കളയും അതുമാത്രമാണ്‌ സഹിക്കാന്‍ പറ്റാത്തത്‌. കോവര്‍ കഴുതകള്‍ അല്ലാതെന്തു പറയാന്‍. 

ഇത്തരം കോവര്‍ കഴുതകള്‍ ഈ ജീവികളെക്കൂട സൂക്ഷിക്കുക

ഡെയ്‌ഞ്ചറസ്‌ പട്ടി : യജമാനന്‍ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കുരക്കാനാണ്‌ നമ്മള്‍ പട്ടിയെ പോറ്റുന്നത്‌. മന്ത്രി എം എ ബേബി പറഞ്ഞതുപോലെ നരച്ച രോമങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ മഹാസത്യസന്ധനാണ്‌ ഈ പട്ടി. എ കെ ജി സെന്ററിന്റെ മൂത്രപ്പുരയിലാണ്‌ വാസം. കണ്ടാല്‍ പാവമാണെങ്കിലും ആള്‍ ഡെയ്‌ഞചറസ്‌ ആണ്‌. അതുകൊണ്ടുതന്നെ ചിലര്‍ ഡെയ്‌ഞ്ചറസ്‌ പട്ടിയെന്നും പറയാറുണ്ട്‌. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം എന്നൊക്കെ ഇടക്കിടെ കുരച്ചുകളയും. കുരക്കുമ്പോള്‍ തലയുടെ അഞ്ചുമീറ്റര്‍ റേഡിയസില്‍ ആരും ഉണ്ടാകരുത്‌, ഉണ്ടെങ്കില്‍ അവരെ മെഡിക്കല്‍ കോളേജില്‍ നോക്കിയാല്‍ മതി. വി എസ്‌ അച്യുതാനന്ദനോ അദ്ദേഹത്തിന്റെ അനുയായികളായ മാധ്യമപ്രവര്‍ത്തകരോ വരുമ്പോള്‍ കുരക്കാനാണ്‌ അതിനെ കെട്ടഴിച്ചു വിട്ടിരിക്കുന്നത്‌. ഈയിടെയായി ക്യാമറ കണ്ടാല്‍ വല്ലാതെ കുരക്കുന്ന ഒരു പ്രത്യേകതരം അസുഖം പിടിപെട്ടിട്ടുണ്ട്‌ . ചാനല്‍ പ്രവര്‍ത്തകര്‍ സൂക്ഷിക്കുക.

ഫ്രഞ്ചു കുരങ്ങന്‍ : എ കെ ജി സെന്ററിലെ മരത്തിനുമുകളില്‍ മാത്രം കാണുന്ന ജീവിയാണ്‌ ഇത്‌. സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ കാറിനു മുകളില്‍ കയറിയിരുന്ന്‌ ഗോഷ്ടി കാണിക്കലാണ്‌ ഇഷ്ടവിനോദം. തെറ്റിദ്ധരിക്കരുത്‌ സംസ്‌കാരവുമായി ഈ കുരങ്ങേന്‌ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല. ഇടക്കിടെ സാഹിത്യ സാംസ്‌കാരിക വാരികകളൊക്കെ വൃത്തികേടാക്കാറുണ്ട്‌. മുഖ്യമന്ത്രിയെ കണ്ടാല്‍ കൊഞ്ഞനം കുത്തലും ഗോഷ്ടി കാണിക്കലും പല്ലിളിക്കലുമാണ്‌ ഇഷ്ടവിനോദം. ഈ കുരങ്ങനെ ചാനല്‍ പ്രവര്‍ത്തകര്‍ അത്ര പേടിക്കേണ്ടതില്ല. അച്ചടിപത്രക്കാരോടാണ്‌ കൂടുതല്‍ കമ്പം. എങ്കിലും രണ്ടുകൂട്ടരും ജാഗതൈ

പോടാ പുല്ലേ അമേരിക്കേ.

ഇ എം എസ്‌, എ കെ ജി ഇവരൊക്കെ പാര്‍ട്ടിയായിരുന്നു പണ്ട്‌. ഇപ്പോള്‍ ഇവരൊന്നുമല്ല, പിണറായിയാണ്‌ പാര്‍ട്ടി. ഈ പാര്‍ട്ടി ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ മാറി നിക്കടാ എന്നൊക്കെ പറഞ്ഞുകളയും. പറഞ്ഞുവരുന്നത്‌ അമേരിക്കയെക്കുറിച്ചാണ്‌. ഈ പാര്‍ട്ടി ഒരു പ്രത്യേകതരമായതുകൊണ്ട്‌ അമേരിക്ക പണ്ടേ തക്കം പാര്‍ത്തു നടക്കുകയാണ്‌. പത്രക്കാര്‍ക്കും പള്ളീലച്ചന്മാര്‍ക്കും പൈസകൊടുത്ത്‌ പാര്‍ട്ടിയ നശിപ്പിക്കാന്‍ പണ്ടൊന്നു ശ്രമിച്ചതാണ്‌ അമേരിക്ക. കഞ്ഞിക്കുഴിപഞ്ചായത്ത്‌ സി പി എമ്മിന്റെ കൈയില്‍ നിന്നു പോയ ശേഷമേ ഇറാനിലെ അണുബോംബിന്റെ കാര്യം അമേരിക്ക ചര്‍ച്ച ചെയ്യൂ. അതാണ്‌ അമേരിക്ക. അതുകൊണ്ട്‌ പാര്‍ട്ടിക്കെതിരെ ആര്‌ എന്തുപറഞ്ഞാലും അത്‌ അമേരിക്കയാണ്‌ എന്ന്‌ ധരിച്ചുകൊള്ളണം. ഇപ്പറഞ്ഞത്‌ പാര്‍ട്ടിക്കാര്‍ക്കു മാത്രം ബാധകമായ കാര്യമാണ്‌ അതെപ്പോഴും പൊതുജനത്തെ പറഞ്ഞ്‌ മനസ്സിലാക്കിക്കൊണ്ടിരിക്കണം. അമേരിക്ക ലോകത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കാത്തത്‌ പാര്‍ട്ടിക്കാരെ മാത്രമാണ്‌ പ്രത്യേകിച്ചും തോമസ്‌ ഐസക്കിനേയും ബേബിയേയും പിന്നെ സാക്ഷാല്‍ പിണറായിയേയുമൊക്കെ. 

പാര്‍ട്ടിക്കാര്‍ക്ക്‌ വീടുവെക്കാനും പാര്‍ട്ടിയാപ്പീസുണ്ടാക്കാനുമൊക്കെ പണ്ട്‌ ഒരു പദ്ധതി നടത്തിയിരുന്നു. ജനകീയാസൂത്രണം എന്നായിരുന്നു അതിന്റെ പേര്‌. അക്കാലത്ത്‌ തലപൊക്കിയയാളാണ്‌ തോമസ്‌ ഐസക്ക്‌. ആള്‍ ജുബ്ബമാത്രമേ ഇടാവൂ എന്ന്‌ അമേരിക്കന്‍ പൗരയായ ഫാര്യ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ താടി ഡൈചെയ്യരുതെന്ന്‌ സ്വന്തം തീരുമാനിച്ചതാണ്‌ . റിച്ചാര്‍ഡ്‌ ഫ്രാങ്കി എന്നൊരാളുണ്ട്‌ അമേരിക്കക്ക്‌ ഒരിക്കലും സ്വാധീനിക്കാന്‍ പറ്റാത്ത സായിപ്പാണ്‌. പിന്നെ പരിഷത്ത്‌. അത്‌ നിങ്ങള്‍ വിചാരിക്കുന്നതരം പരിഷത്തല്ല, അങ്ങനെയായിരുന്നു പണ്ട്‌. കേരളത്തിലെ വെള്ളമുള്ള സ്ഥലവും വെള്ളമില്ലാത്ത സ്ഥലവും തേങ്ങകിട്ടുന്ന സ്ഥലവും റബ്ബര്‍ കിട്ടാത്ത സ്ഥലവുമൊക്കെ അളന്ന്‌ തിട്ടപ്പെടുത്തികൊടുത്ത ശേഷമുള്ള പരിഷത്ത്‌ ഐസക്കിന്റെ പരിഷത്താണ്‌ അതായത്‌ പിണറായിയുടേതെന്ന ഐസക്കിന്റെ പരിഷത്ത്‌. ഇതൊക്കെ അമേരിക്കക്കുവേണ്ടി ചെയ്‌തതാണെന്ന്‌ ചില സാംസ്‌കാരിക ജീവികള്‍ പറയാറുണ്ട്‌. അത്‌ മൈന്റ്‌ ചെയ്യേണ്ടതില്ല. ഗൂഗിള്‍ സെര്‍ച്ചില്‍ കേറി തിരഞ്ഞുനോക്കിയാല്‍ ചിലപ്പോള്‍ പരിഷത്തിനെ കണ്ടുകിട്ടിയേക്കും അല്ലാതെ ആരെയും ഈയടുത്തൊന്നും കണ്ടതായി ഓര്‍ക്കുന്നില്ല. അതായത്‌ അമേരിക്കയുമായി ഇത്രയടുത്തു നിന്നിട്ടും അമേരിക്കക്ക്‌ ഒരു വിധത്തിലും സ്വാധീനിക്കാനാകാത്തയാളാണ്‌ ഐസക്കും പിന്നെ പരിഷത്തും.

പിന്നെ അമേരിക്കയുമായി ഒരിക്കലും ബന്ധപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു സ്ഥാപനമുണ്ട്‌ ലോകത്ത്‌, ഒരേയൊരു സ്ഥാപനമേയുള്ളു താനും അതിന്റെ പേരാണ്‌ എസ്‌ എന്‍ സി ലാവലിന്‍. കേരളത്തിലെ പത്തുമുന്നൂറ്റണ്‍പത്‌ കോടി മുടിച്ച കമ്പനി എന്നൊക്കെ പൊതുജനം പറയും. അതുകാര്യമാക്കേണ്ട പൊതുജനമല്ലേ, കഴുതകളല്ലേ അവര്‍ ചിലപ്പോള്‍ അതിനപ്പുറവും പറയും. എസ്‌ എന്‍ സി ലാവലിന്‍ അമേരിക്കയുടെ പിണിയാളുകളാണെന്നാണ്‌ ചില മന്ദബുദ്ധികള്‍ പറഞ്ഞത്‌, അവര്‍ക്കു പറയാനേ പറ്റിയുള്ളൂ പറഞ്ഞു പരത്താനായില്ല. കാരണം അവര്‍ പാര്‍ട്ടി്‌ക്കാരല്ലല്ലോ. ഇപ്പോള്‍ പാര്‍ട്ടിക്കാരായവര്‍ക്കും പിണറായി കനിഞ്ഞനുഗ്രഹിച്ചവര്‍ക്കും മാത്രമേ അത്തരംഅന്താരാഷ്ട്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അനുവാദമുള്ളൂ. കേരളത്തിലെ ഔദ്യോഗിക പക്ഷക്കാരെയൊക്കെ അമേരിക്ക പാട്ടിലാക്കിയിരിക്കുകയാണ്‌ എന്നാണ്‌ പാര്‍ട്ടിക്കാരല്ലാത്ത അവര്‍ പറയുന്നത്‌. പിണറായി ഇടക്കിടെ ആരുമറിയാതെ സിംഗപ്പൂരും അവിടേയും ഇവിടെയും ചെന്നെയിലും ഒക്കെ പോയ്‌ക്കളയുന്നതില്‍ വരെ അമേരിക്കന്‍ കണക്ഷന്‍ കണ്ടെത്തിക്കളഞ്ഞു ഇക്കൂട്ടര്‍. നോ്‌ക്കണേ...

പിന്നൊരാളുള്ളത്‌ പാര്‍ട്ടിക്കകത്തെ കുഞ്ഞനാണ്‌, അതായത്‌ ബേബി എന്നു ഇംഗ്ലീഷില്‍ പറയും. അറുപതു വയസ്സുകാരന്റ ശരീരവുമുണ്ടെന്നേയുള്ളൂ ആള്‍ ആറുവയസ്സുകാരന്റെ ബുദ്ധിയുള്ള ഒരു പാവത്താനാണ്‌. അദ്ദേഹത്തെ പറ്റിയാണ്‌ മദാമ്മമാരെ കണ്ടാല്‍ കലിയിളകുന്നയാളെന്നും ദാവൂദിന്റെ കപ്പലില്‍ കയറി ഡാന്‍സ്‌ ചെയ്‌തെന്നുമൊക്കെ പറഞ്ഞുകളഞ്ഞത്‌. ആളൊരു ബേബിയായതുകൊണ്ട്‌ നി്‌ങ്ങള്‍ക്ക്‌ എന്തും പറയാമല്ലോ. പണ്ട്‌ ഏതോ ഒരു ഫ്രഞ്ചു കാരിയുടെ മടിയില്‍ കിടന്നുറങ്ങണമെന്നൊക്കെ പറഞ്ഞുകളഞ്ഞത്‌. ഇക്കാര്യം പണ്ടൊരു കലാകാരന്‍ പബ്ലിക്കായി പറഞ്ഞുകളഞ്ഞതാണേ. 

പാശ്ചാത്യരെ കണ്ടാല്‍ കലിയിളകുന്ന, മുണ്ടും ജുബ്ബയും മാത്രം ധരിക്കുന്ന ഈ തങ്കപ്പെട്ട മനുഷ്യരെയൊക്കെയാണോ അമേരിക്കന്‍ ചാരന്‍ എന്നൊക്കെ പറഞ്ഞ്‌ അധിക്ഷേപിച്ചത്‌. വി എസു പോട്ടെ ഷാജഹാന്‍ പോലും അങ്ങനെ പറയുമെന്ന്‌ തോ്‌ന്നുന്നില്ല. നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം. ഈ പാര്‍ട്ടി നിങ്ങള്‍ വിചാരിക്കുന്നതുപോലുള്ള പാര്‍ട്ടിയല്ല ഒരു പ്രത്യേകതരം പാര്‍ട്ടിയാണ്‌. 

Wednesday, June 3, 2009

കാണ്മാനില്ല


പിണറായി വിജയന്‍
ഒത്ത ഉയരം, ഇരുണ്ട നിറം, കുടവയറ്‌ .പുഛവും ധാഷ്ട്യം അടിസ്ഥാന ഭാവം. തോക്കില്ലാതെ ഉണ്ടയും ലാപ്‌ടോപ്പില്ലാതെ ബാഗും കൊണ്ടുനടക്കുന്ന ശീലമുണ്ട്‌. കാണാതാകുമ്പോള്‍ ഒരു ബക്കറ്റും അതില്‍ തിരയില്ലാത്ത വെള്ളവും കൈയിലുണ്ടായിരുന്നു.


പി ജയരാജന്‍
വെളുത്ത നിറം, നരച്ച തലമുടി, ഒരു കൈക്ക്‌ സ്വാധീനം കുറവാണ്‌. നെഞ്ചില്‍ ശത്രുക്കള്‍ കയറി പൊങ്കാലയിട്ട അടയാളമുണ്ട്‌. ഉറക്കത്തിലും ഇന്‍ക്വിലാബ്‌ വിളിക്കുന്ന ശീലമുണ്ട്‌. ഇദ്ദേഹത്തിന്റെ മകന്‍ ബോംബുണ്ടാക്കി കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ പരിക്കു പറ്റി പേരില്ലാത്ത ഒരു ആശുപത്രിയിലാണെന്ന്‌ ബന്ധുക്കള്‍ വ്യസന സമേതം അറിയിക്കുന്നു.

ഇ പി ജയരാജന്‍
കറുത്തനിറം, തടിച്ച ശരീരം, കുടവയറ്‌, പിരിച്ച മീശ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌. ഇടക്കിടെ ഷര്‍ട്ടിന്റെ കൈ തിറുത്തു കയറ്റിവെച്ച്‌ പല്ലുകടിക്കുന്ന ശീലമുണ്ട്‌.
ഇടക്കിടെ മദ്യം അമൃതാണെന്നും ചിലപ്പോള്‍ വിഷമാണെന്നും പറഞ്ഞുകൊണ്ടേയിരിക്കും.കഴുത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ധരിക്കുന്ന അഞ്ചു പവന്റെ സ്വര്‍ണമാലയുണ്ട്


എം വി ജയരാജന്‍
ഇരുണ്ട നിറം, മുന്നോട്ട്‌ തള്ളിയ പല്ലുകള്‍, ചാവികൊടുത്തപോലെ സംസാരിച്ചുകൊണ്ടിരിക്കും. ഇടക്ക്‌ തന്തക്ക്‌ വിളിക്കുന്ന ശീലമുണ്ട്‌. കാണാതാകുമ്പോള്‍ മാനസിക നില തകരാറിലായിരുന്നു. 


കൂടാതെ സുധാകരന്‍ എന്നു വിളിക്കുന്ന ഒരു ബുള്‍ഡോഗിനെ കൂടെ കാണാതായിട്ടുണ്ട്‌.
തടിച്ച ശരീരം, തലയില്‍ മുടി കുറവ്‌, യജമാനന്‍ പറഞ്ഞാലും ഇല്ലെങ്കിലും വെറുതെ കുരച്ചുകൊണ്ടിരിക്കുന്ന ശീലമുണ്ട്‌. വിപണിയില്‍ ഇതിന്‌ അമ്പതു പൈസ വില വരും

കഴിഞ്ഞ മെയ്‌മാസം 16ാം തിയ്യതി ദൈവത്തിന്റെ സ്വന്തം സന്നിധിയിലുള്ള തിക്കിലും തിരക്കിലും പെട്ട്‌ കാണാതായതാണ്‌ മുകളില്‍ പറഞ്ഞവര്‍. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത മാനസികാരോഗ്യ കേന്ദ്രത്തിലോ മാധ്യമസ്ഥാപനങ്ങളിലോ അല്ലെങ്കില്‍ തിരുവനന്തപുരത്തെ എ കെ ജി സെന്ററിലോ അറിയിക്കാന്‍ താല്‌പര്യപ്പെടുന്നു.

പൊങ്ങച്ചത്തെ ഖദറിടീച്ച്‌ നായ്‌കുരണപൗഡറുമിടീച്ചാല്‍ .....

പൊങ്ങച്ചത്തിനെ ഖദറിടീച്ച്‌ കുറച്ച്‌ നായ്‌കുരണപൗഡറുമിട്ട്‌ സുകുമാരന്‍ എന്നൊരു പേരുമിട്ടാല്‍ എങ്ങിനെയിരിക്കും. കാണണമെങ്കില്‍ പത്രത്തിലേക്കും ചാനലിലേക്കും നോക്കിയാല്‍ മതി. എന്റെ പ്രസംഗങ്ങളെല്ലാം മികച്ചതാണ്‌, എന്റെ പുസ്‌തകങ്ങള്‍ പ്രത്യേകിച്ച്‌ ആശാന്റെ സീതാകാവ്യം, തത്വമസി എന്നിവ ലോകോത്തര കൃതികളാണ്‌, വി പി സിംഗ്‌ എന്നെ ഗവര്‍ണാറാകാന്‍ വിളിച്ചതാണ്‌ പോകാത്തതുകൊണ്ടാണ്‌ ... ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനാകാന്‍ വിളിച്ചതാണ്‌ താത്‌പര്യമില്ലാഞ്ഞിട്ടാണ്‌ എന്നുവരെ ചിലപ്പോള്‍ പറഞ്ഞുകളയും. നൂറുവാക്ക്‌ പറഞ്ഞാല്‍ അതില്‍ തൊണ്ണൂറ്റി രണ്ടെണ്ണം ഞാന്‍ എന്നായിരിക്കും. എന്തും സഹിക്കാം. കേരളത്തിലെ മുഖ്യമന്ത്രിയും തനിക്ക്‌ ജ്യേഷ്‌ഠതുല്യനുമായ മുഖ്യമന്ത്രി വി എസ്‌ അച്ച്യൂതാനന്ദന്‍ ഇരുന്നിടത്ത്‌ അപ്പിയിടുന്നവനാണ്‌ എന്നുവരെ പറഞ്ഞുകളഞ്ഞു. അനുജന്‍ പിണറായി ഒതുക്കിയിട്ടിരുന്ന വി എസിനെ കേരളകൗമുദിയില്‍ ലേഖനമെഴുതി മുഖ്യമന്ത്രിയാക്കിയത്‌ താനാണ്‌. താന്‍ എന്തും പറയും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അച്ചുമ്മാമന്റെ പുസ്‌തകത്തിനെഴുതിയ അവതാരികയങ്ങ്‌ വലിച്ചു കീറി കളഞ്ഞേക്ക്‌, അന്ന്‌ തിര്വന്തോരത്തുവച്ചു കണ്ടപ്പോ തന്ന കോലുമുട്ടായി ഇങ്ങ്‌ തിരിച്ചു തന്നേക്ക്‌ ... ഹല്ല പിന്നെ.

പ്രശ്‌നമുണ്ടാക്കിയത്‌ ആ ചിരിയാണ്‌. എല്‍ ഡി എഫ്‌ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോള്‍ വി എസ്‌ ചിരിച്ച അശ്ലീല ചിരിയാണ്‌ അഴീക്കോടിനെയും അദ്ദേഹത്തിന്‌ എല്ലാ ആഴ്‌ചയും ഗാന്ധിനോട്ട്‌ സമ്പാദിച്ചുകൊടുക്കുന്ന ദേശാഭിമാനിയേയും പ്രകോപിപ്പിച്ചത്‌. മലപ്പുറത്തൊക്കെ തലയില്‍ തട്ടമിട്ട്‌ മുഖം മറച്ച്‌ തലയില്‍ ചുവന്ന തൊപ്പിവച്ച തന്റെ ഗ്ലാമര്‍ കാണാനെത്തിയ മുസ്ലിം സ്‌ത്രീകളടക്കം കേരളം മൊത്തം വോട്ടു ചെയ്‌ത്‌ ഇത്തവണയും പത്തിരുപത്‌ പുലിപെറ്റ കുട്ടികളെ പാര്‍ലമെന്റിലേക്കയക്കുമെന്നും അങ്ങനെ പാര്‍ട്ടിക്ക്‌ കുറച്ച്‌ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നുമൊക്കം ഉറക്കെയും അല്ലാതെയും പറഞ്ഞ പിണറായി വിജയനും കത്തികാട്ടിയും കണ്ണുരുട്ടിയും ആക്രോശിച്ച ജയരാജന്മാരും തെറിവിളിയുടെ ഷേക്‌സ്‌പിയറായ മഹാകവി സുധാകരനും അങ്ങനെ വിരലിലെണ്ണാവുന്നതും എണ്ണാന്‍ പറ്റാത്തതുമായ കീലേരി അച്ചുമാര്‍ വീട്ടിനകത്ത്‌ കട്ടിനടിയില്‍ ആറു ഷീറ്റ്‌ പുതച്ച്‌ അതിനകത്ത്‌ ഒളിച്ചിരിക്കുമ്പോള്‍ അച്യുതാനന്ദന്‍ അത്‌ ഒരിക്കലും ചെയ്യരുതായിരുന്നു. പാര്‍ട്ടിക്കകത്ത്‌ എന്തുണ്ടെങ്കിലും അവിടെ പറഞ്ഞ്‌ തീര്‍ക്കണം അല്ലാതെ ഇമ്മാതിരി തരം താണ പരിപാടി കാണിക്കരുതെന്നാണ്‌ അഴീക്കോട്‌ പറഞ്ഞുകളഞ്ഞത്‌ അതും ഒരു ബൂര്‍ഷ്വാ പ്രസിദ്ധീകരിണത്തിന്‌ കൊടുത്ത അഭിമുഖത്തില്‍. സാംസ്‌കാരിക നായരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖ്യ ഉപദേശകനുമല്ലേ ... കേട്ടല്ലേ പറ്റൂ.. 
വരവുവച്ചു..

Wednesday, May 20, 2009

ദ ഗ്രേറ്റ്‌ ഗാന്ധി ഫാമിലി

മഹാത്മാഗാന്ധികഴിഞ്ഞാല്‍ മഹത്തായ ഗാന്ധിയാരെന്നു ചോദിച്ചാല്‍ പ്രിയങ്കാഗാന്ധിയെന്നും അമ്മ സോണിയാഗാന്ധിയെന്നുമേ ഇന്ന്‌ കോണ്‍ഗ്രസ്സുകാര്‍ പറയൂ. ചിലര്‍ മഹാന്മാരാകുന്നത്‌ വളരെ പെട്ടെന്നാണ്‌. നല്ല പ്രായത്തില്‍ അഛന്റെ ശരീരം ഛിന്നഭിന്നമാക്കാന്‍ കൂട്ടുനിന്ന നളിനിയെ ജയിലില്‍ അങ്ങോട്ടുചെന്നു കണ്ട്‌ അഛനേക്കാളും ചേട്ടനേക്കാളും എന്തിന്‌, കൊല്ലേണ്ട വളര്‍ത്തിയാല്‍ മതിയെന്ന്‌ നീതിന്യായ വ്യവസ്ഥയോട്‌ കെഞ്ചിയ അമ്മയേക്കാള്‍ വലിയ ഗാന്ധിയായിരിക്കുന്നു ഇന്ന്‌ പ്രിയങ്ക. കഷ്‌ടം, അതീവസുന്ദരിയും യൂത്തുകോണ്‍ഗ്രസ്സുകാരുടെ സ്വകാര്യ അഹങ്കാരവുമായ പ്രിയങ്കാ ഗാന്ധിയില്‍ നിന്നും കെട്ടിപ്പിടിച്ചൊരു മുത്തം നഷ്‌ടപ്പെട്ടതില്‍ രാജീവിനെ കൊല്ലാന്‍ മനുഷ്യബോംബായെത്തി സ്വയം പൊട്ടിത്തെറിച്ച തനുവിന്റെ ആത്മാവിന്‌ നഷ്‌ടബോധം തോന്നുന്നുണ്ടാകും.

എപ്പോള്‍ വേണമെങ്കിലും തീകൊടുക്കാന്‍ തയ്യാറാക്കിവച്ച അമിട്ടായിരുന്നു വെല്ലൂര്‍ ജയിലിലെ കൂടിക്കാഴ്‌ച. ഗാന്ധികുടുംബവും നമ്മളുമടങ്ങുന്ന സമൂഹം ജീവിക്കുന്നത്‌ വെള്ളരിക്കാ പട്ടണത്തിലല്ലാത്തതുകൊണ്ട്‌ അങ്ങനെ വിശ്വസിക്കാനേ തരമുള്ളൂ. രാജ്യത്തെ ഉന്നത സുരക്ഷാ സംവിധാനത്തിനകത്ത്‌ ജീവിക്കുന്ന പ്രിയങ്കാ ഗാന്ധി ആരുമറിയാതെ, രജിസ്റ്ററില്‍ പേരുപോലും ചേര്‍ക്കാതെ ജയിലില്‍ ചെന്ന്‌ അതും ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച ആളെ നേരില്‍ കാണ്ടുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരു മാസം മുമ്പു നടന്ന കൂടിക്കാഴ്‌ച പുറത്തുവരുന്നത്‌ നളിനിയുടെ വക്കീലിന്റെ ജൂനിയര്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത ഹര്‍ജിയിലൂടെ. എന്തു ഭംഗിയുള്ള തിരക്കഥ. തന്നെ കൊല്ലാതെ വിട്ടതിന്‌ സോണിയക്ക്‌ നിരന്തരം കത്തുകളെഴുതിയ നളിനി സ്വമനസ്സാലെ ചെയ്‌ത ഉപകാരമോ അതോ ആരെങ്കിലും ചെയ്യിച്ചതാണോ എന്ന കാര്യത്തിലേ സംശയമുള്ളൂ.

വെറുപ്പിലും വിദ്വേഷത്തിലും അക്രമത്തിലുമൊന്നും താന്‍ വിശ്വസിക്കുന്നില്ല മഹാത്മാഗാന്ധിക്കുപഠിച്ചു തുടങ്ങുകയാണെന്നാണ്‌ പ്രിയങ്ക തട്ടിവിട്ടത്‌. പത്തുപതിനഞ്ചു വര്‍ഷത്തിലേറെയായി നളിനി ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട്‌. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇല്ലാത്ത വിചാരം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്ത സമയത്തു തന്നെ തോന്നിയത്‌ ഗാന്ധി കുടുംബത്തില്‍ മാത്രം സംഭവിക്കുന്ന ചില പ്രത്യേക മാനസിക വ്യാപാരങ്ങളാവാം.

തങ്കപ്പെട്ട മനുഷ്യനായ തന്റെ അഛനെ എന്തിനായിരുന്നു കൊന്നത്‌ എന്ന്‌ പ്രിയങ്ക കണ്ണീരൊഴുക്കി ചോദിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അഛന്‍ ജീവിച്ചിരുന്നെങ്കില്‍ ശ്രീലങ്കന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമായിരുന്നത്രേ. രാഹുല്‍ ഗാന്ധിയെ കടത്തിവെട്ടുന്ന ചരിത്രബോധം. എങ്കില്‍ എല്‍ ടി ടി ഇ യെ തുരത്താന്‍ ശ്രീലങ്കയിലേക്ക്‌ സേനയെ അയച്ചതിനു പകരം ഈ പണി നേരത്തെ ആകാമായിരുന്നില്ലേ എന്ന്‌ നളിനി ചോദിക്കാതിരുന്നത്‌ ഭാഗ്യം. രസച്ചരടു പൊട്ടിയേനെ.

അധികാരത്തിന്റെ കാര്യത്തില്‍ അമ്മായിയമ്മയെ കടത്തിവെട്ടുന്ന വിത്താണ്‌ താനെന്ന്‌ സോണിയാഗാന്ധി തെളിയിച്ചു കഴിഞ്ഞതാണ്‌. ഭര്‍ത്താവുകൊല്ലപ്പെട്ടപ്പോള്‍ അധികാരവും വേണ്ട ഒരു മാങ്ങാത്തൊലിയും വേണ്ടെന്നു പറഞ്ഞ്‌ സെറിലാക്ക്‌ മാത്രം കഴിച്ചു വളര്‍ന്ന രണ്ട്‌ മക്കളേയും കൊണ്ട്‌ അടുക്കളയിലൊളിച്ചതാണ്‌ സോണിയാ ഗാന്ധി. മക്കളൊന്നു പറക്കമുറ്റിയപ്പോള്‍ അടിത്തറയിളകിയ പാര്‍ട്ടിയെ രക്ഷിക്കാനെന്ന പേരില്‍ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായി തിരിച്ചുവന്നതില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല അവര്‍ക്ക്‌. മദാമ്മാഗാന്ധി കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായതിന്റെ പേരില്‍ വിളമ്പിവെച്ച കഞ്ഞിപോലും കുടിക്കാതെ വീടുവിട്ടിറങ്ങിപ്പോയ ശരദ്‌ പവാര്‍ വരെ രാഹുല്‍ ഗാന്ധിക്ക്‌ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. തൊഴുത്തില്‍ കുത്തും പരദൂഷണവുമായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസ്സിനെ കുറച്ചൊക്കെ നന്നാക്കാന്‍ സോണിയാ ഗാന്ധിയുടെ രാഷ്‌ട്രീയ രസതന്ത്രത്തിനു കഴിഞ്ഞു എന്നത്‌ സത്യം. പാര്‍ട്ടിയുടെ പ്രസിഡന്റായും കേന്ദ്രമന്ത്രിസഭയുടെ കണ്ടക്‌ടര്‍ സീറ്റിലുമായി പത്തുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ രാജീവിന്റെ പ്രതിരൂപമായി രാഹുലിനെ ഇറക്കാനുള്ള എല്ലാ സ്‌ക്രിപ്‌റ്റും തയ്യാറാക്കിവച്ചിരുന്നു സോണിയ.

പ്രിയങ്ക ഒരു നല്ല സംവിധായികയുടെ റോളില്‍ തുടക്കം മുതലേ തിളങ്ങിയിരുന്നു എന്നതിന്‌ ചരിത്രം സാക്ഷി. കോണ്‍ഗ്രസ്സിന്റെ ഭാവി വാഗ്‌ദാനമായി മകന്‍ വേണോ മകള്‍ വേണോ എന്ന്‌ കോണ്‍ഗ്രസ്സുകാര്‍ കണ്‍ഫ്യൂഷനിലിരിക്കുമ്പോള്‍ തന്നെ കിരീടം രാഹുലിന്റെ തലയില്‍ വച്ച്‌ കൈകഴുകിയതാണ്‌ പ്രിയങ്ക. വിദേശി പെണ്ണുമൊത്ത്‌ ചുറ്റിയടിക്കുന്നതില്‍ കവിഞ്ഞ്‌ ഒന്നും അജന്‍ഡയിലില്ലാത്ത രാഹുല്‍ എന്ന കടുഞ്ഞൂല്‍ പൊട്ടനെ പിന്നാലെ നടന്ന്‌ രാഷ്‌ട്രീയം പഠിപ്പിച്ചത്‌ പ്രിയങ്കാ ഗാന്ധിയാണ്‌. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പു റാലിക്കിടെ നഖം കടിച്ച്‌ നാണിച്ചുനിന്ന രാഹുലിനെ നോക്കിലും നടപ്പിലും രാജീവിനോട്‌ ഉപമിച്ചാണ്‌ അവര്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്‌. പ്രസംഗിക്കാന്‍ സ്റ്റേജിനു പിന്നില്‍ നിന്ന്‌ തള്ളിവിടാന്‍ കുറേനാള്‍ പ്രിയങ്കയുണ്ടായിരുന്നു. മൈക്കുപിടിക്കാനുള്ള ധൈര്യം വന്നു ചേര്‍ന്നപ്പോള്‍ ചരിത്രപരമായ മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ച്‌ വിമര്‍ശനം ചോദിച്ചു വാങ്ങിയപ്പോളും പ്രിയങ്ക രക്ഷക്കെത്തി. പ്രിയങ്കയുടെ തൊലിവെളുപ്പിന്റെ പുറത്തുമാത്രമാണ്‌ ചേട്ടന്‍ ചീമുട്ടയേറില്‍ നിന്നു രക്ഷപ്പെട്ടിരുന്നത്‌.
രാഹുല്‍ നയിച്ച തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ്‌ തകര്‍ന്ന്‌ മണ്ണടിഞ്ഞത്‌ നമ്മള്‍ കണ്ടതാണ്‌. റോഡ്‌ ഷോകളില്‍ പ്രതീക്ഷിച്ച ജനപങ്കാളിത്തം ലഭിക്കാത്തതും നാലുപേര്‍ കേള്‍ക്കാനിഷ്‌ടപ്പെടുന്നതൊന്നും ആ നാവില്‍ നിന്ന്‌ വരാത്തതും കാരണം വല്ലാത്ത ഒരു രാഷ്‌ട്രീയ ദശാസന്ധിയിലാണ്‌ രാഹുല്‍ വീണ്ടും ചെന്നു ചാടിയിരിക്കുന്നത്‌. മന്ത്രിസഭാ പുനസംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തി ഒരു കുഞ്ഞാടിന്റെ പരിവേഷം നല്‍കാന്‍ അമ്മമഹാറാണി ശ്രമിച്ചതിനു തൊട്ടുപിന്നാലെയാണ്‌ പ്രിയങ്ക - നളിനി കൂടിക്കാഴ്‌ച വിവാദമാകുന്നത്‌.

തെരഞ്ഞെടുപ്പ്‌ അടുത്ത ഈ വൈകിയ വേളയില്‍ അദ്വാനി ചെയ്‌തതുപോലെ പുസ്‌തകങ്ങളെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രമുള്ള അനുഭവ സമ്പത്തോ സമയമോ അമ്മക്കും മകള്‍ക്കുമില്ല. ഒരു പുസ്‌തകമെഴുതി വിവാദം സൃഷ്‌ടിക്കാന്‍ മാത്രം ത്രാണിയുള്ളവര്‍ കോണ്‍ഗ്രസ്സിലും അധികമില്ല. അധവാ എഴുതിയാല്‍ തന്നെ ജന്മനാ അക്ഷര വൈരികളായ കോണ്‍ഗ്രസ്സുകാര്‍ക്കുണ്ടോ എന്തെങ്കിലും മനസ്സിലാകുന്നു.

അഛനെ കൊന്നവര്‍ക്കു മാപ്പു കൊടുത്ത അമ്മക്കും മകള്‍ക്കും ധൈര്യമായി ഇനി പാരമ്പര്യ വോട്ടര്‍മാര്‍ക്കുമുന്നില്‍ ചെല്ലാം. ചുരുങ്ങിയത്‌ റായ്‌ബറേലിയിലെ സ്‌ത്രീകളുടെ കണ്ണീര്‍ വോട്ടുകള്‍ കുറച്ചെങ്കിലും പെട്ടിയില്‍ വീഴും. എന്തായാലും മൂക്കില്‍ മാത്രമല്ല നോക്കിലും പ്രവൃത്തിയിലും ഇന്ദിരാഗാന്ധിയുടെ കൊച്ചുമോള്‍ തന്നെയാണ്‌ പ്രിയങ്കയെന്ന്‌ തെളിയിച്ചിരിക്കുന്നു. കാലം പ്രിയങ്കക്കു മാപ്പു കൊടുക്കട്ടെ.
ഒരു വിജനതയുടെ ആത്മാവിഷ്‌കാരം

പാര്‍ട്ടിക്കെതിരെ തിരിയുന്നത്‌ മാര്‍ക്‌സായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വെറുതെ വിടില്ല. അജിതയുടെ കാര്യത്തില്‍ സംഭവിച്ചത്‌ അതാണ്‌. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കുമ്പോളും ഭരണപക്ഷത്തിരിക്കുമ്പോളും പാര്‍ട്ടിക്ക്‌ ഹിതകരമല്ലാത്ത പലതിനും പിന്നാലെ പോയി ദുഷ്‌പേരു സമ്പാദിച്ചിട്ടുണ്ട്‌ അജിത. അറിയപ്പെടുന്ന കോഴിയായ കുഞ്ഞാലിക്കുട്ടി എന്ന മുന്‍ വ്യവസായ മന്ത്രി ജന്മം കൊണ്ട്‌ ലീഗുകാരനാണെങ്കിലും കര്‍മ്മം കൊണ്ട്‌ പിണറായി പക്ഷക്കാരനാണ്‌. സ്വന്തം പാര്‍ട്ടിക്കാരന്‍ മുനീര്‍ പാര്‍ട്ടിയുടെ ലേബലിലും അല്ലാതെയും ഇന്ത്യാവിഷനു വേണ്ടി സംരഭകരെത്തേടിയിറങ്ങിയപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കൈരളി ചാനലിനുവേണ്ടി ഗള്‍ഫിലും മറ്റു ഓടി നടക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. അതിനുള്ള പ്രത്യുപകാരമാണ്‌ അജിതയുടെ മകള്‍ക്കു നേരെയും അഴിമതിക്കേസില്‍ ഭര്‍ത്താവ്‌ യാക്കൂബിനെതിരെയും നടന്ന ആസൂത്രിത നീക്കം. വി എസ്‌ അച്യൂതാനന്ദന്റെ ആശീര്‍വാദത്തോടെ ബി ആര്‍ പി ഭാസ്‌കര്‍ ഉദ്‌ഘടനം ചെയ്‌തസമരത്തിനിടെ രാത്രി സമരപ്പന്തലില്‍ പ്രക്ഷേഭകാരികള്‍ക്കൊപ്പം ക്ഷീണിച്ച്‌ ഭര്‍ത്താവ്‌ ഹസ്സന്റെ തോളില്‍ ചാരി ഇരിക്കുന്ന അജിതയുടെ മകള്‍ ഗാര്‍ഗിയുടെ ക്ലോസ്‌ ഷോട്ടെടുത്താണ്‌ കൈരളി വാര്‍ത്ത നല്‍കിയത്‌. ചങ്ങറ സമരത്തിന്റെ മറവില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പിറ്റേന്ന്‌ ദേശാഭിമാനിയും റിപ്പോര്‍ട്ടു നല്‍കി. പ്രതിപക്ഷത്തിരിക്കുമ്പോല്‍ വി എസിനൊപ്പെ#ം പല ജനകീയ സമരങ്ങള്‍ക്കും പങ്കാളിയായിട്ടുണ്ട്‌ സാറാ ജോസഫും അജിതയുമൊക്കെ. പാര്‍ട്ടിയുടെ പിണറായി പക്ഷത്തിന്‌ തലവേദനയായതും അതു തന്നെയാണ്‌. എന്തായാലും പൊതുപ്രവര്‍ത്തകയുടെ കുടുംബത്തെ ഒന്നടങ്കം താറടിക്കുന്ന പാര്‍ട്ടിയുടെ ഈ നിലപാട്‌ വിമര്‍ശിക്കപ്പെടേണ്ടതാണ്‌.

രണ്ടു മൂന്നു വര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തെ ഒരു പ്രമുഖ ക്ലബ്ബില്‍ ഒരു ആഘോഷം നടക്കുന്നു. പരിപാടിക്കിടെ സ്‌ത്രീകളെ ആരോ കേറി ഉപ്രദ്രവിച്ചു. ആ ഞരമ്പുരോഗിയുടെ സംഘാടകര്‍ ഓടിച്ചിട്ടു പിടിച്ചു ക്ലബ്ബിനു തൊട്ടു മുന്നിലുള്ള ഓടയില്‍ നിന്ന്‌. കൈരളി ടി വി അടക്കമുള്ള മാധ്യമങ്ങള്‍ അവിടെ സന്നിഹിതരായിരുന്നിട്ടും കാര്യമായി ഒരു വാര്‍ത്തയും പുറത്തുവന്നില്ല. പിടികൂടിയവനെ ഒരു തരിപോലും പോറലേര്‍ക്കാതെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലിന്‌ ധാര്‍മ്മിക രോഷം പ്രകടിപ്പിക്കാമായിരുന്ന സംഭവമായിരുന്നു അത്‌. പക്ഷേ ഒന്നും മിണ്ടിയില്ല. മിണ്ടിയാല്‍ വിവരമറിഞ്ഞേനേ. അന്ന്‌ മന്ത്രിയായില്ലെങ്കിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ പ്രബലനായ ഒരു നേതാവിന്റെ മകനായിരുന്നു അത്‌. പേരുപറഞ്ഞില്ലെങ്കിലും നാടു നന്നാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പാര്‍ട്ടി ആ സംഭവമൊന്നു റിപ്പോര്‍ട്ടു ചെയ്യുകയെങ്കിലും വേണ്ടതായിരുന്നു.

കൊടിയേരിക്കല്ല്യാണം
പ്രമുഖരടക്കം ആറായിരം പേരാണ്‌ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണന്റെ മൂത്ത മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്തത്‌ എന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. പാര്‍ട്ടി പത്രത്തില്‍ നാട്ടിലെ എല്ലാവരെയും ക്ഷണിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പങ്കെടുത്ത പ്രമുഖരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി യും യുവമോര്‍ച്ചയും പ്രസ്‌താവനകളിറക്കി.
കല്ല്യാണ ചെലവു വഹിച്ചതും ഹാള്‍ ബുക്കുചെയ്‌തതും മെര്‍ക്കിംഗ്‌സ്റ്റണ്‍ ഫെയിം സേവി മനോ മാത്യു ആയിരുന്നുവെന്നാണ്‌ ബി ജെ പി തെളിവു നിരത്തിയത്‌. വിദേശത്തുനിന്നെത്തിയ പ്രമുഖരുടെ പേരുകള്‍ വ്യക്തമാക്കണമെന്നാണ്‌ യുവമോര്‍ച്ച ആവശ്യപ്പെട്ടു. എന്തായാലും പാര്‍ട്ടി അംഗങ്ങള്‍ ആഢംബരം കുറക്കണമെന്ന്‌ കാരാട്ടദ്ദേഹം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോള്‍ അതേ മാന്യദേഹത്തിന്റെ ആശീര്‍ വാദത്തോടെയാണ#്‌ കൊടിയേരിക്കല്ല്യാണം പൊടിപൊടിച്ചത്‌ . പാര്‍ട്ടിയിലെ പുതിയ പോളിറ്റ്‌ ബ്യൂറോ മെമ്പറുടെ മകന്റെ കല്ല്യാണത്തിനെതിരെയാണെങ്കിലും അല്ലെങ്കിലും വിവാഹ ധൂര്‍ത്തിനെതിരെ രംഗത്തിറങ്ങിയ ഡി വൈ എഫ്‌ ഐ യെ ചെമ്പട്ടു ഷാള്‍ പുതപ്പിച്ച്‌ അഭിനന്ദിക്കേണ്ടതാണ്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌

പിണറായി വീണ്ടും പിണറായി തന്നെ

വീണ്ടും പിണറായി പാര്‍ട്ടിക്കുമേല്‍ ശക്തിയായി പതിച്ചു, ഇത്തവണ മിന്നല്‍ പിണറായിമാത്രമല്ല ഇടിമുഴക്കത്തോടൊപ്പം പെരുമഴയായാണ്‌ പെയ്‌തിറങ്ങിയത്‌. നാലാം തവണയും പിണറായി വിജയനല്ലാതെ വേറാരും പാര്‍ട്ടിയുടെ തലപ്പത്തുവരില്ല എന്ന്‌ എല്ലാര്‍ക്കുമറിയാവുന്നതുകൊണ്ടുള്ള നിര്‍വികാരതയാകാം വേണ്ടത്ര കൈയടി കൊടുക്കാന്‍ ആരും അത്ര ആവേശം കാണിക്കാഞ്ഞത്‌ എന്ന്‌ വേണമെങ്കില്‍ ഔദ്യോഗിക പക്ഷത്തിന്‌ ആശ്വസിക്കാം. പാര്‍ട്ടിവളരാന്‍ വേണ്ടി അഹോരാത്രം കഷ്‌ടപ്പെട്ടു മര്യാദക്ക്‌ കണ്ണുപോലും തുറക്കാന്‍ വയ്യാതെ ഉറക്കം തൂങ്ങി നടക്കുന്ന പിണറായിക്കറിയാം കയ്യടിയിലോന്നും വലിയ കാര്യമില്ല എന്ന്‌. അങ്ങനെയായിരുന്നെങ്കില്‍ പ്രതിപക്ഷനേതാവായും മുഖ്യമന്ത്രിയായും കൈയടിവാങ്ങിയ വി എസിന്‌ ഈ ഗതി വരില്ലായിരുന്നല്ലോ? പക്ഷേ തന്നെ വളര്‍ത്തി വലുതാക്കിയ ജനങ്ങളും അണികളും അതു ചെയ്യരുതായിരുന്നു. തനിക്കു കൈയടി തന്നില്ലെങ്കിലും വേണ്ടില്ല പാര്‍ട്ടിയുടെ എല്ലാമെല്ലാമായ വി എസിനെ ഇങ്ങനെ അതിക്ഷേപിക്കരുതായിരുന്നു. നിങ്ങളെന്താ ഈ പാര്‍ട്ടിയെ പറ്റി വിചാരിച്ചത്‌. പാര്‍ട്ടിയിലെ സീനിയറായ മുഖ്യമന്ത്രി വി എസ്‌ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തെ സംസാരിക്കാനനുവദിക്കാതെ ബഹളം വെക്കുകയോ? കൈയടിക്കുകയോ? എന്തു തോന്യാസമാണ്‌ നിങ്ങള്‍ കാട്ടിയത്‌? ഇതാണോ കമ്മ്യൂണിസ്റ്റുകാരന്റെ സംസ്‌കാരം. ഉള്ളില്‍ കിടക്കുന്ന കള്ളിന്റെ ആവേശമാണിത്‌. തനിക്കു കൈയടി തരാതെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിലക്കാതെ വി എസിന്‌ കൈയടി കൊടുത്ത അണികള്‍ക്കും ജനങ്ങള്‍ക്കുമുള്ള ശാസനയായിരുന്നു ഇത്‌.

കോട്ടയത്ത്‌ പാര്‍ട്ടിസമ്മേളനത്തിനൊപ്പം പെയ്‌ത പിണറായിയുടെ ശകാരമഴ കൂടിയായപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും എല്ലാം പൊതുജനത്തിന്‌ ഏകദേശം പിടികിട്ടി. പാര്‍ട്ടിയെന്നാല്‍ ജീവനാണെന്നു കരുതുന്ന പ്രതികരണശേഷി നഷ്‌ടപ്പെട്ടിട്ടില്ലാത്ത ഒരു വലിയ വിഭാഗം ഇന്നും ജീവിച്ചിരിപ്പുണ്ട്‌. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പൊതുജനങ്ങളും വി എസ്സിനൊപ്പമാണ്‌. പിണറായി നയിക്കുന്ന പാര്‍ട്ടി നേതൃത്വം അണികളില്‍ നിന്നും എത്രയോ അകന്നുപോയിരിക്കുന്നു. പിണറായിയും കാരാട്ടും പറഞ്ഞപോലെ അത്ര എളുപ്പത്തില്‍ ഒറ്റസമ്മേളനം കൊണ്ട്‌ നുള്ളിക്കളയാവുന്ന തൊട്ടാവാടി മുള്ളല്ല വിഭാഗീയത. പിണറായി വിജയനും അച്യുതാനന്ദനും ഫാരിസ്‌ അബൂബക്കര്‍മാരും കൈരളി ടി വി യുമൊക്കെ ഉള്ളിടത്തോളം കാലം വിഭാഗീയത തുടരും. ജനങ്ങളും അണികളും തന്നോടൊപ്പം ഇല്ല എന്നു മനസ്സിലാക്കിയ പിണറായിയുടെ അസഹിഷ്‌ണുതയാണ്‌ കോട്ടയം ശാസനയിലൂടെ നമ്മള്‍ കണ്ടത്‌.

അതേസമയം ജനകീയാടിത്തറ വി എസിനാണെന്ന്‌ എന്ന്‌ പി ബി അംഗങ്ങളും അണികളും തെളിയച്ച സമ്മേളനമായിരുന്നു അത്‌. വി എസിന്‌ സീറ്റുകൊടുത്തത്‌ ജനങ്ങളുടെ ഇടയിലുള്ള പള്‍സ്‌ മനസ്സിലാക്കിയിട്ടാണെന്ന്‌ കരാട്ട്‌ പറഞ്ഞതോടെ വി എസ്‌ ചാടിക്കയറി അധികാരം പിടിച്ചെടുത്തുവെന്ന തരത്തിലുള്ള പിണറായി പക്ഷത്തിന്റെ പ്രചരണം വെറുതെയായി. ഒപ്പം പൊതുസമ്മേളനങ്ങളിലെല്ലാം സ്‌കോര്‍ ചെയ്‌തത്‌ വി എസ്‌ ആയിരുന്നു. പിണറായിയുടെ പ്രസംഗം ഒരു തരം അടിച്ചേല്‍പ്പിക്കലായിരുന്നെങ്കില്‍ വി എസിന്റെത്‌ ജനങ്ങളുടെ ആര്‍പ്പുവിളികളുടെ അകമ്പടിയോടെയുള്ള ജനകീയ പ്രസംഗമായിരുന്നു. പിണറായിയുടെ പ്രസംഗത്തിന്‌ അവിടവിടെ ചില സീല്‍ക്കാര ശബ്‌ദങ്ങളും കൈയടികളും മാത്രമേ ഉണ്ടായീരുന്നുള്ളൂ. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം ഇത്രയേറെ അണികളുടെ അവഗണന നേരിടേണ്ടി വന്ന ഒരൂ സെക്രട്ടറി ഉണ്ടായിക്കാണില്ല. ഇ എം എസും ചടയനുമടക്കം നിരവധി പ്രഗല്‍ഭര്‍ ഇരുന്ന കസേര പിണറായി വിജയനെ പോലുള്ള പ്രത്യശാസ്‌ത്രത്തെ കൂട്ടിക്കൊടുക്കുന്നവനു നാലാം തവണയും സമ്മാനിച്ചത്‌ എന്തടിസ്ഥാനത്തിലാണ്‌ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതും ജനങ്ങളുടേയും സാധാരണക്കാരനായ അണികളുടേയും പിന്തുണയില്ലാത്ത ഒരുവന്‌. നികൃഷ്‌ട ജീവി, എടോ ഗോപാലകൃഷ്‌ണാ തുടങ്ങി അവസാനത്തെ കള്ളുകുടിയന്റെ സംസ്‌കാരം വരെയുള്ള പരാമര്‍ശങ്ങളിലൂടെ പാര്‍ട്ടി അണികളെ വരെ തനി താന്തോന്നികളുടെ ഭാഷയില്‍ വിമര്‍ശിച്ച ഒരാള്‍ അലങ്കരിക്കേണ്ട സ്ഥാനമാണോ ഇതെന്ന്‌ കമ്മ്യൂണിസ്റ്റ്‌ ആചാര്യന്മാര്‍ ഒന്നു ഇരുന്നു ചിന്തിക്കണം. അതും പാര്‍ട്ടി അണികളെ കള്ളുകുടിയന്മാര്‍ എന്നും സംസ്‌കാരമില്ലാത്തവരെന്നും പരസ്യമായി വിളിച്ച്‌ അധിക്ഷേപിച്ച പിണറായി കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലുള്ള ഒരു കേഡര്‍ പാര്‍ട്ടിയുടെ തലപ്പത്ത്‌ ഇരിക്കുന്നത്‌ പാര്‍ട്ടിയുടെ ഗതികേട്‌ എന്നേ പറയാനാകൂ.

സത്യത്തില്‍ പിണറായിയാണോ വലുത്‌ അച്യുതാനന്ദനാണോ വലുത്‌ എന്ന തര്‍ക്കത്തിനുത്തരം കാണുകയല്ലാതെ ബൃഹത്തായ അര്‍ത്ഥത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാത്ത ഒരു വലിയ വട്ടപ്പൂജ്യമായിരുന്നു കോട്ടയം സമ്മേളനം. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കുവേണ്ടി ഒഴിഞ്ഞുവച്ച, മുതലാളിത്തം, തൊഴിലാളി സംസ്‌കാരം, രക്ഷസാക്ഷി, പിപ്ലവവീര്യം, സാമ്രാജ്യത്വം തുടങ്ങിയ കേട്ടുമടുത്ത പ്രയോഹങ്ങള്‍ അവിടവിടെ കേട്ടു എന്നല്ലാതെ പ്രത്യയശാസ്‌ത്രപരമായ ഒരു ചര്‍ച്ചയും സമ്മേളനത്തില്‍ നടന്നതായി അറിവില്ല. അതുകൊണ്ടുതന്നെ പിണറായിയടക്കമുള്ള മഹാരഥന്മാരുടെ പ്രസംഗം കോളജില്‍ രാഷ്‌ട്രീയം പഠിച്ചു തുടങ്ങിയ എസ്‌ എഫ്‌ ഐ നേതാവിന്റേതിനേക്കാള്‍ ഒട്ടും ഉയര്‍ന്ന നിലവാരം കാണിച്ചില്ല.

പക്ഷേ സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അങ്ങനെ അല്ലായിരുന്നു. കോണ്‍ഗ്രസ്സ്‌ ബി ജെ പി എന്നീ രണ്ട്‌ ധ്രുവങ്ങള്‍ക്കു പുറമേ മൂന്നാം മുന്നണി എന്ന മൂന്നാമൊതൊരു ധ്രുവം കൂടി വരണമെന്നും ഇന്ത്യ അമേരിക്ക ആണവകരാറിന്റെ ദുരന്തവശത്തെക്കുറിച്ചും ഇന്ത്യ ചാര ഉപഗ്രഹം വിക്ഷേപിച്ച്‌ പ്രഖ്യാപിത നയത്തില്‍ നിന്നും വ്യതിചലിക്കുന്നതിനേക്കുറിച്ചും കാരാട്ട്‌ പ്രസംഗിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ മഹാരഥന്മാരുടെ മാനസിക നില വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗവേദി. കാരാട്ട്‌ വടിവൊത്ത ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത്‌ ബേബി സഖാവ്‌ തന്നാവാവും പോലെ മലയാളത്തിലാക്കി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മന്ത്രി സുധാകരനടക്കമുള്ള മന്ത്രിമാരും പാര്‍ട്ടിമെമ്പര്‍മാരും സദസ്സിലിരുന്ന്‌ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. വായ തുറന്നാല്‍ കൊടുങ്ങല്ലൂര്‍ ഭരണിയെ തോല്‍പ്പിക്കുന്ന `വാങ്‌മൊഴിവഴക്കം' എടുത്തു പ്രകടിപ്പിക്കുന്ന സുധാകരന്‍ സഖാവിന്‌ പാര്‍ട്ടിയോടുള്ള കൂറും ഭക്തിയും പ്രകടിപ്പിക്കുന്ന ചരിത്രപരമായ ഉറക്കമായിരുന്നു അത്‌.

അച്യുതാനന്റെ കോട്ടകൊത്തകങ്ങളെല്ലാം പിടിച്ചടക്കി വിജയശ്രീ ലാളിതനായാണ്‌ പിണറായി സംസ്ഥാന സമ്മേളനത്തിനെത്തിയത്‌. അച്യുതാനന്ദന്റെത്‌ ഒറ്റയാള്‍ സമരമായിരുന്നു. മൂന്നാര്‍ കൈയേറ്റത്തോടെ ഇടുക്കിയും ഒടുവില്‍ എച്ച്‌ എം ടി ഭൂമിയിടപാടോടെ എറണാകുളവും കൈവിട്ട്‌ തിരുവനന്തപുരത്തേറ്റ കടുത്ത ആഘാതവും സഹിച്ച്‌ വിഷണ്ണനായ വി എസ്‌ പക്ഷേ പി ബി യുടെ ദയയില്‍ വെട്ടിനിരത്തലില്‍ നിന്ന്‌ വലിയ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയായിരുന്നു. കാരാട്ടിനെയും യെച്ചൂരിയെയും കണ്ട്‌ നയം വ്യക്തമാക്കിയ അച്യുതാനന്ദനെ തള്ളിക്കളയുക അവര്‍ക്കും എളുപ്പമായിരുന്നില്ല. എന്തായാലും വിഭാഗീയത അവസാനിപ്പിക്കുമെന്ന്‌ കരുതിയാണ്‌ പിണറായി കരുക്കള്‍ നീക്കിയത്‌. അതിന്റെ അലയൊലികള്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേട്ടുതുടങ്ങി. മലപ്പുറം സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയവരെ ശിക്ഷിക്കാത്തതടക്കം അന്നുമുതലിന്നുവരെയുള്ള എല്ലാ കാര്യങ്ങളുമെടുത്ത്‌ വി എസിനെ കുത്തി നോവിക്കാനും പ്രതിക്കുട്ടിലാക്കാനും ആവുന്നതു ശ്രമിച്ചു പിണറായി പക്ഷമെന്ന ഔദ്യോഗിക പക്ഷം. തന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കുനേരെ വിമര്‍ശനം വരുമ്പോള്‍ അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതിനും വി എസിനു കണക്കിനുകിട്ടി. ലാവിലിന്‍ കേസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നയത്തിനോടുള്ള അമര്‍ഷം വ്യക്തമാക്കുന്നതായിരുന്നു ഈ ഓരോ വിമര്‍ശനങ്ങളും. ഒടുവില്‍ തനിക്കുകിട്ടിയ മുന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ ബലത്തില്‍ വി എസ്‌ പക്ഷത്തുള്ളവരെ പിണറായി പക്ഷം വെട്ടിനിരത്തുമെന്നായപ്പോഴാണ്‌ വി എസ്‌ പത്തൊമ്പതാമത്തെ അടവുമായി കാരാട്ടിനുമുന്നില്‍ വന്നത്‌. അങ്ങനെ വലിയ ഒരു വെട്ടിനിരത്തല്‍ സര്‍ക്കാരിനുള്ള മാര്‍ഗ്ഗരേഖയില്‍ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ വേലിക്കത്തുള്ള അച്യുതാനന്ദന്‌ മറ്റൊരു വേലികൂടി പാര്‍ട്ടി സമ്മേളനം കെട്ടിക്കൊടുത്തു എന്നു സാരം.

പിണറായിക്കു ജന്മനായുള്ള ധാഷ്‌ട്യവും മാടമ്പിത്തരവും തുടര്‍ന്നു കാട്ടാന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം നാലാം തവണയും ഏല്‍പ്പിച്ചു കൊടുത്തു എന്നതും അച്യുതാനന്ദനും കൂട്ടര്‍ക്കും വലിയ ആഘാതമേല്‍പ്പിക്കാതെ നിലവിലുള്ള സ്ഥാനമാനങ്ങളൊക്കെ തന്നെ തുടര്‍ന്നും നല്‍കി എന്നതല്ലാതെ പാര്‍ട്ടി സമ്മേളനം വിപ്ലവകരമായ ഒരു തീരുമാനവും എടുത്തില്ല. ഒരു കാലത്ത്‌ കേരളത്തിലെ സി പി എമ്മിന്റെ എല്ലാമെല്ലാമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ എന്ന പേരില്‍ ഒരാളുണ്ടായിരുന്നതായി പോലും പാര്‍ട്ടി സമ്മേളനത്തില്‍ കേട്ടില്ല. ചിക്കുന്‍ഗുനിയപ്രശ്‌നത്തോടെ തന്റെ ഭരണത്തിനു കീഴില്‍ ആരോഗ്യരംഗം കുട്ടിച്ചോറാണെന്ന്‌ തെളിയിച്ച പി കെ ശ്രീമതിക്കോ സ്വാശ്രയപ്രശ്‌നത്തോടെ വിദ്യാഭ്യാസ രംഗം പരിഷ്‌കരിച്ചു കുളമാക്കി കൈയില്‍ തന്ന ബേബി സഖാവിനോ എച്ച്‌ എം ടി ഭൂമിയിടപാടോടെ ഒരു നല്ല റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനാണ്‌ എന്ന്‌ തെളിയിച്ച കരീമിനോ സമ്മേളനത്തില്‍ ഒരു പരിക്കും പറ്റിയില്ല. വിഭാഗീയത എന്നൊന്നില്ല എന്നു തറപ്പിച്ചു പറയുമ്പോളും ഇരു പക്ഷവും അവര്‍ക്കു ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.

ഓശാന പാടുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരും സമ്മേളന വേദിക്കകത്തും പുറത്തും പരസ്‌പരം അമ്പെയ്‌തു കളിക്കുകയായിരുന്നു.
പാര്‍ട്ടിയെന്നുണ്ടായോ അന്നൊക്കെ വിഭാഗീയതയും ഉണ്ടായിട്ടുണ്ട്‌. തീവ്രനയം സ്വീകരിക്കണോ മൃദു നയം സ്വീകരിക്കണോ എന്നതായിരുന്നു ഒരു കാലത്തെ തര്‍ക്ക വിഷയം. പിണറായിയുടെ തലതൊട്ടപ്പന്മാര്‍ വരെ വിഭാഗീയതയുടെ മുഖ്യ വക്താക്കളായിരുന്നു. ചരിത്രത്തില്‍ എങ്ങനെ സി പി എമ്മും സി പി ഐയും അടക്കം പേരുകേള്‍ക്കാത്തതും കേട്ടതുമായ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഉണ്ടായി എന്നു പരിശോധിച്ചാല്‍ വിഭാഗീയതയുടെ ആഴം നമുക്ക്‌ മനസ്സിലാക്കാം. പക്ഷേ അത്‌ ആശയങ്ങളുടെ പേരിലായിരുന്നു എന്നു മാത്രം. ഇന്നത്തെപോലെ കള്ളപ്പണക്കാര്‍ക്കും വിദേശ കുത്തകകള്‍ക്കും പണയം വച്ച പ്രത്യയശാസ്‌ത്രത്തിന്റെ പേരിലായിരുന്നില്ല. ഇന്ന്‌ പിണറായിയുടെ മുഖ്യ കിങ്കരനായ കറുത്തുതടിച്ച്‌ കഴുത്തില്‍ സ്വര്‍ണ്ണമാലയിട്ടു നടക്കുന്ന ഇ പി ജയരാജന്‍ പറഞ്ഞതുപോലെ പണ്ടത്തെപ്പോലെ കട്ടന്‍ചായയും മുറിബീഡിയുമായി നടന്നാലൊന്നും പാര്‍ട്ടിക്ക്‌ ആളെ കിട്ടില്ല. ആ ബോധത്തില്‍ നിന്നാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടി പിണറായിയുടെ നേതൃത്വത്തില്‍ കളം മാറ്റി ചവിട്ടിയത്‌. നെല്‍വയലുകളും തോട്ടങ്ങളും ഒന്നും ഇല്ലാതായ പുതിയ കാലത്ത്‌ പഴയ ലാത്തികള്‍ തോക്കുകള്‍ തൂക്കുമരങ്ങള്‍ മുദ്രാവാക്യം ലോക്കല്‍ സമ്മേളനങ്ങളില്‍ മാത്രമൊതുക്കിയതും അതുകൊണ്ടു തന്നെ. പുതിയ കാലത്ത്‌ കോടികളിറക്കികളിക്കുന്ന തെരഞ്ഞെടുപ്പെന്ന അധികാര മാമാങ്കത്തിന്‌ തയ്യാറെടുക്കാന്‍ വന്‍ ബിസിനസ്സുകാരടക്കമുള്ള കാശുള്ള ആരും ആവശ്യമാണ്‌. പക്ഷേ ഈ നയവുമായി പാര്‍ട്ടിയെ നയിക്കാന്‍ വി എസ്‌ അച്യുതാനന്ദനെക്കൊണ്ട്‌ പറ്റില്ല. അദ്ദേഹം കാടും മലയും പുഴയും പൂങ്കാവനവും നിരങ്ങി പാവപ്പെട്ട ജനങ്ങളുടെ കൂടെ നടക്കുന്ന ആളാണ്‌. അദ്ദേഹത്തിന്‌ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ചിലപ്പോള്‍ പറ്റുമായിരിക്കാം. മുതലാളികളെ സംഘടിപ്പിക്കാന്‍ പറ്റുമോ? അതിന്‌ പിണറായിയിലുള്ള വിജയന്‍ തന്നെ വേണം. പിന്നെ സഹായത്തിന്‌ മൂന്നു ജയരാജന്മാരും വായില്‍കൊള്ളാത്തതു പറയാന്‍ ഒരു ഐസക്കും വായില്‍ തോന്നിയതു പറയാന്‍ സുധാകരനും വേണം. വേണമെങ്കില്‍ സബ്‌സ്റ്റിസ്റ്റ്യൂട്ടായി കളത്തിലിറങ്ങാന്‍ കരീമുമാവാം. അതുകൊണ്ടാണ്‌ വി എസും കൂട്ടരും മുഖ്യമന്ത്രിപ്പണിയും മറ്റ്‌ അടുക്കളപ്പണികളുമായി തുടര്‍ന്നാല്‍ മതിയെന്ന്‌ അവരങ്ങ്‌ തീരുമാനിച്ചത്‌. തന്ത്രമറിയാവുന്ന പിണറായി പക്ഷം ഈ പണി നന്നായി ചെയ്‌തു ലോക്കല്‍ തലം മുതല്‍ സംസ്ഥാന തലം വരെ. വിപ്ലവം സമീപഭാവിയില്‍ സംഭവിക്കില്ല എന്ന്‌ ബംഗാളിലെ പാര്‍ട്ടി വല്ല്യപ്പന്മാര്‍ പറഞ്ഞ സ്ഥിതിക്ക്‌ ഇപ്പോള്‍ സ്വല്‌പം മൂലധന സമാഹരണമാകാം. വിപ്ലവം വരുമ്പോള്‍ അതിനു പിന്നാലെ പോകാം. വിപ്ലവത്തിന്‌ അതും അനിവാര്യമാണല്ലോ? പിണറായിയെന്ന മുതലാളിയും ഒപ്പമുള്ള മെഷീനറികളും പറയുന്നത്‌ അനുസരിച്ച്‌ ജീവിച്ചോളണം സഖാക്കള്‍ എന്നൊരു ടോണ്‍ ഉണ്ടായിരുന്നു പിണറായിയുടെ കോട്ടയം ശാസനത്തിന്‌ എന്നു കൂടി നമ്മള്‍ മനസ്സിലാക്കണം.

കാരാട്ടും പിണറായി മുതലാളിയും പറഞ്ഞതുപോലെ വിഭാഗീയത എന്നു പറയുന്ന കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കാലില്‍ തറച്ച മുള്ള്‌ എടുത്തുകളഞ്ഞതായി അച്യുതാനന്ദനും പ്രഖ്യാപിച്ചു. പക്ഷേ ഒരു ചെറിയ തിരുത്തുണ്ട്‌. ആശയ സമരം തുടരും. ആശയ സമരമെന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയിലെ അപ്പോസ്‌തലന്മാര്‍ തുടര്‍ന്നുവന്ന സാധനം. അതായത്‌ പാര്‍ട്ടിയിലെ പരിഷ്‌കരണവാദികളുടെ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനെതിരെ പരമ്പരാഗത വാദികള്‍ നടത്തിവന്ന സമരം തുടരുമെന്ന്‌ സാരം. വേണമെങ്കില്‍ പി ബി യില്‍ ചെന്ന്‌ ശണ്‌ഠ കൂടും, തെരുവിലിറങ്ങും. ഇത്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സ്വാഭാവികമാണെന്നാണ്‌ അച്യുതാനന്ദന്റെ മതം. ചുരുക്കിപ്പറഞ്ഞാല്‍ ``മൂഷിക സ്‌ത്രീ വീണ്ടും മൂഷിക സ്‌ത്രീ തന്നെ`` എന്ന്‌. പാര്‍ട്ടി സമ്മേളനം കഴിഞ്ഞതിന്റെ പിറ്റേദിവസം വി എസ്‌ അച്യുതാനന്ദന്‍ തന്റെ നയം വ്യക്തമാക്കിയതോടെ പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസം മലപോലെ വന്ന വിഭാഗീയത തുടച്ചു നീക്കി എന്ന അവകാശവാദം എലിപോലെ പോയ സ്ഥിതിയിലാണ്‌. പിന്നെ എന്തിനൊരു കോട്ടയം സമ്മേളനം.

വേലിയില്‍ കിടക്കുന്ന പാമ്പും ഭാര്‍ഗ്ഗവനും
അറിഞ്ഞുകൊണ്ടാരെങ്കിലും വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളത്ത്‌ വെക്കുമോ? വെളിയം ഭാര്‍ഗ്ഗവനായാല്‍ ചിലപ്പോള്‍ അതും ചെയ്‌തുകളയും. സി പി എമ്മുമായി ലയിച്ച്‌ ഇന്ത്യയില്‍ ബി ജെ പി യേയും കോണ്‍ഗ്രസ്സിനേയും തകര്‍ത്തു കളയാമെന്നാണ്‌ എന്തിനും പോന്ന പിണറായി വിജയനോട്‌ വെറുമൊരു സി പി ഐക്കാരന്‍ മാത്രമായ വെളിയം ഭാര്‍ഗ്ഗവന്‍ പറഞ്ഞു കളഞ്ഞത്‌. പാമ്പ്‌ നീര്‍ക്കോലിയോ രാജവെമ്പാലയോ ആകട്ടേ പാമ്പ്‌ പാമ്പ്‌ തന്നെയാണെന്നതു വെളിയം മറക്കരുത്‌. ആശയസംവാദങ്ങളും ഭിന്നിപ്പും ഭിന്നിപ്പിനകത്ത്‌ ഭിന്നിപ്പും അഴിമതിയും എല്ലാമായി കോണ്‍ഗ്രസ്സിനേക്കാള്‍ കഷ്‌ടമായി നില്‍ക്കുന്ന പാര്‍ട്ടിയാണ്‌ സി പി എം. എന്നിട്ടും അത്തരമൊരു വിഴുപ്പിനെ കെട്ടിപ്പിടിച്ചു കിടക്കാന്‍ നാണമില്ലേ വെളിയം ഭാര്‍ഗ്ഗവന്‌. വെളിയത്തിന്റെ ആഗ്രഹം എന്തായാലും അതു നടക്കുന്ന കാര്യമല്ല എന്നാണ്‌ വല്ല്യേട്ടന്‍ പിണറായി പറഞ്ഞിരിക്കുന്നത്‌. രണ്ടു കൂട്ടരും എന്തു പറഞ്ഞാലും വെളിയത്തിന്റെ മനസ്സിലിരുപ്പ്‌ എന്താണെന്ന്‌ പൊതു ജനത്തിന്‌ അറിയാം. കോട്ടയം സമ്മേളനത്തോടെ ഇവിടെ എന്തൊക്കെയോ സംഭവിക്കുമെന്നും അഥാവാ സി പി എമ്മില്‍ നിന്നും വല്ല കണ്ണിയും അറ്റു പോന്നാല്‍ സ്വീകരിക്കാമെന്നുമായിരുന്നു വെളിയത്തിന്റെ മനസ്സിലിരിപ്പ്‌. എല്‍ ഡി എഫില്‍ ഒരു കാലത്ത്‌ അച്യുതാനന്ദന്‍ സഖാവിനോട്‌ കൂടുതല്‍ ആഭിമുഖ്യം വെളിയത്തിനായിരുന്നല്ലോ? പക്ഷേ കോട്ടയത്ത്‌ ഒന്നും സംഭവിച്ചില്ല, അതോടെ വെളിയവും നാവടക്കി. ഈ വയസ്സാം കാലത്ത്‌ വല്ല രാമനാമവും ജപിച്ചിരിക്കേണ്ട സമയത്ത്‌ ഓരോരുത്തരുടെ ഓരോ ആഗ്രഹങ്ങളേ...

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌ 

മഹാത്മാക്കള്‍- പിണറായി, കുഞ്ഞാലി, അഴീക്കോട്‌...

അന്നം തരുന്നവരും അറുപതു ലക്ഷം വെറുതേ കൊടുക്കുന്നവനും മഹാത്മാവാണ്‌. ചോരയധികം ചിന്താതെ ആവശ്യത്തിന്‌ തുണി പോലുമില്ലാതെ പട്ടിണി കിടന്ന്‌ സ്വാതന്ത്ര്യം നേടിത്തന്നതുകൊണ്ടാണല്ലോ നമ്മള്‍ മോഹന്‍ ദാസ്‌ കരം ചന്ദ്‌ ഗാന്ധിയെ മഹാത്മാ ഗാന്ധി എന്നു വിളിക്കുന്നത്‌. പക്ഷേ എന്തു വിശുദ്ധ കര്‍മ്മം ചെയ്‌തിട്ടാണാവോ സഖാവ്‌ എം എ ബേബി ചരിത്രത്തിലെ നാഴികക്കല്ലായ പാറപ്പുറം സ്ഥിതി ചെയ്യുന്ന നാട്ടിലെ വിജയന്റെ പീറപ്പയ്യനെ മഹാത്മാവിനൊപ്പം നിര്‍ത്തിയത്‌. ഗാന്ധിജിക്കും നെഹ്‌റുവിനും ജ്യോതി ബസുവിനും കാരാട്ടിനും വിദേശത്തു പഠിക്കാമെങ്കില്‍ പിണറായിയുടെ മകനും പഠിക്കാമെന്നാണ്‌ ബേബി സഖാവ്‌ തട്ടി വിട്ടത്‌. ഉണ്ട ചോറിന്‌ ഇങ്ങനെയെങ്കിലും നന്ദി കാണിക്കണമല്ലോ എന്നായിരിക്കും ബേബിയുടെ ഭാഷ്യം. പണ്ട്‌ പാര്‍ട്ടിയാപ്പീസിനു മുന്നില്‍ വള്ളിനിക്കറുമിട്ട്‌ സൈക്കിള്‍ ടയറും ഉരുട്ടി നടന്ന കാലത്തൊന്നും സംസ്‌കാരം, മാനവീയം, സ്വരലയം എന്നൊന്നും പറയാനുള്ള വഴക്കം നാവിനില്ലായിരുന്നല്ലോ. പല്ലു പോലും തേക്കാതെ നടന്നിരുന്ന തെണ്ടിച്ചെക്കനെ സംസ്ഥാനത്തിന്റെ മുണ്ടുടുത്ത രണ്ടാമത്തെ വിദ്യാഭ്യാസ മന്ത്രിയാക്കിയതും മഹാത്മാ പിണറായിയാണല്ലോ?. നെഹറു മുതല്‍ കാരാട്ടു വരെയുള്ളവര്‍ക്ക്‌ ബേബിക്കും പിണറായിക്കും ഇല്ലാത്ത ഒന്നു രണ്ടു സാധനങ്ങളെങ്കിലുമുണ്ട ്‌ വിവരം വിവേകം തുടങ്ങിയവ. അവരെല്ലാം അവരുടെ മേഖലകളില്‍ തന്റേതായ വ്യക്തിത്വം ഉറപ്പിച്ചവരാണ്‌. സ്വാശ്രയപ്രശ്‌നത്തോടെ കേരളത്തിലെ വിദ്യാഭ്യാസം കുളം തോണ്ടിയ ബേബിക്ക്‌ ഇതുരണ്ടുമില്ല എന്നു തെളിഞ്ഞതല്ലേ. ചെറുപ്പത്തിലെ തലയിലെ മുടി പോയി നര കയറിയെന്നുവച്ച്‌ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയരുത്‌. 

മക്കളുടെ തലവര ശരിയാവണമെങ്കില്‍ നല്ല തന്തക്കു പിറക്കണമെന്നത്‌ വിവേക്‌ എന്ന പയ്യന്റെ കാര്യത്തില്‍ വളരെ ശരിയാണ്‌. എന്തിനും പോന്ന പ്രകൃതക്കാരനും ജയരാജനെന്നും മറ്റും പേരുള്ള ഒരു പാടു റൗഡികളുടെ നേതാവുമായ പിണറായി വിജയന്റെയും കമലയുടെയും മകനായാണ്‌ വിവേക്‌ ജനിച്ചത്‌. അതുകൊണ്ടു തന്നെയാണ്‌ ഗാന്ധിമുതല്‍ കാരാട്ടുവരെയുള്ള മഹാന്മാരുടെ ശ്രേണിയിലെ അവസാന മഹാത്മാവായി വാഴ്‌ത്തപ്പെട്ടതും. പിണറായി നാലു കുരക്കുമ്പോള്‍ പത്തുകുരക്കുന്ന ബുള്‍ഡോഗ്‌ സുധാകരനും വിവാദങ്ങള്‍ കടന്ന്‌ പിണറായിയുടെ അടുക്കളളയിലേക്ക്‌ സഞ്ചരിച്ച പത്മനാഭനും വാഴ്‌ത്തിയ മിടുക്കനായ പയ്യന്‍ എങ്ങനെയായാലും പിണറായി പക്ഷത്തിന്റെ മുഖ്യശത്രു, റാങ്കുകള്‍ വാങ്ങിക്കൂട്ടിയ രാജു നാരായണ സ്വാമിയേക്കാള്‍ മിടുക്കനെങ്കിലുമാകണ്ടേ.

വിവേക്‌ പിണറായി തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജില്‍ നിന്ന്‌ ആ കോളജിന്റെ പാരമ്പര്യം വച്ചു നോക്കുമ്പോള്‍ അധികമാര്‍ക്കും ലഭിക്കാത്ത മൂന്നാം ക്ലാസ്‌ എന്ന വലിയ റാങ്കു നേടിയാണ്‌ ബി കോം ബിരുദമെടുത്തത്‌. രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക്‌ നൂറില്‍ ഇരുപത്തി മൂന്നൂ മാര്‍ക്ക്‌ അതും രണ്ടാം ചാന്‍സില്‍. പിന്നെ നേരെ ചെന്നത്‌ കളമശ്ശേരിയിലെ സ്‌കൂള്‍ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസില്‍. രണ്ടാം ക്ലാസ്സ്‌ ബിരുദവും മാറ്റും കാറ്റും പോക്കറ്റില്‍ നിറയെ കാശുമുള്ളര്‍ മാത്രം പഠിക്കുന്ന കോളജ്‌. എന്നിട്ടും മൂന്നാം ക്ലാസ്സു മാത്രമുള്ള പിണറായി പുത്രന്‌ പ്രവേശന പരീക്ഷ പോലും എഴുതാതെ അഡ്‌മിഷന്‍ കിട്ടി. നല്ല തന്തയുടെ ഗുണം. ദരിദ്രരില്‍ ദരിദ്രനായ പിണറായിയും ഭാര്യ കമലവും ജാമ്യം നിന്ന്‌ നാലു ലക്ഷം രൂപ വായ്‌പയെടുത്ത്‌ പഠിച്ച മകന്‍ സി ഗ്രേഡോഡെ വിജയിച്ചു പുറത്തു വന്നു. അടുത്ത വര്‍ഷം സാക്ഷാല്‍ വിവേക്‌ പിണറായി ബിസിനസ്‌ നടത്താന്‍ സിംഗപ്പൂര്‍ക്ക്‌ പോയി. നോട്ട്‌ ദ പോയിന്റ്‌. സിംഗപ്പൂര്‍ കിഡ്‌നിക്കച്ചവടവും മറ്റും പൊടിപൊടിക്കുന്ന അതേ സിംഗപ്പൂര്‍. പക്ഷേ അവിടെ ബിസിനസ്‌ ക്ലച്ചു പിടിക്കാതെ പിന്നെ നേരെ അബുദാബിയിലേക്ക്‌, അവിടെയും സ്ഥിതി തഥൈവ. അങ്ങനെ ഇല്ലത്തൂന്നിറങ്ങുകേം ചെയ്‌തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന സ്ഥിതി വന്നപ്പോഴാണ്‌ അന്യനാട്ടില്‍ ബര്‍മ്മിംഗ്‌ഹാം എന്നൊരു യൂണിവേഴ്‌സിറ്റിയുണ്ടെന്നും അവിടെ ബിസിനസ്‌ മാനേജ്‌ മെന്റില്‍ നല്ലൊരു കോഴ്‌സുണ്ടെന്നും കേട്ടത്‌.

പന്നിയാറിലും ചെങ്കുളത്തും പള്ളിവാസലിലുമൊക്കെ ഡാം നന്നാക്കാന്‍ കിടപ്പാടം പോലും പണയപ്പെടുത്തി പിച്ചച്ചട്ടിയെടുത്ത സമയമായിരുന്നതുകൊണ്ട്‌ പിണറായി എറണാകുളത്തെ സ്റ്റേറ്റ്‌ ബാങ്കിനെ തന്നെ സമീപിച്ചു. മകന്‌ പഠിക്കാനുള്ള ഏഴുലക്ഷം നല്‍കണമെങ്കില്‍ കലൂരിലെ ദേശാഭിമാനി തന്നെ ഈട്‌ വേണമെന്നായി കണ്ണില്‍ ചോരയില്ലാത്ത ബാങ്ക്‌ മാനേജര്‍. ബേബിയും പത്മനാഭനും കൂട്ടരുമൊക്കെ വെല്ലുവിളിച്ച്‌ അന്വേഷണത്തിനിങ്ങിപ്പുറപ്പെട്ട സിന്റിക്കേറ്റ്‌ പത്രലേഖകര്‍ക്ക്‌ ഇത്രയുമൊക്കെയേ കണ്ടെത്താനായുള്ളൂ. ഇംഗ്ലണ്ടിലെ പഠനത്തിനും ചെലവിനും വേണ്ട ലക്ഷക്കണക്കിനു രൂപ ബാങ്ക്‌ ലോണെടുത്തതാണോ മഹാത്മാ ഫാരിസ്‌ അബുബക്കര്‍ കൊടുത്തതാണോ അതോ കോഴ്‌സ്‌ മുന്നാം ക്ലാസ്സില്‍ മാത്രം പാസ്സാകുന്നവര്‍ക്കുമാത്രം ലഭിക്കുന്ന ഏതെങ്കിലും സ്‌കോളര്‍ഷിപ്പ്‌ കിട്ടിയതാണോ- പണം നിന്നു വന്നു എന്നകാര്യം ഇപ്പോഴും ചോദ്യചിഹ്നം. ഇപ്പറഞ്ഞതെല്ലാം നട്ടാല്‍ കുരുക്കാത്ത കള്ളമാണെന്ന്‌ ഒറ്റവാക്കില്‍ വെച്ചടിക്കാതെ ഒന്നോ രണ്ടോ ഫോണ്‍കോളുകളെങ്കില്‍ ചെലവാക്കാന്‍ സഖാവ്‌ സ്വരാജിനോടും സുധാകരനോടും അപേക്ഷ.

തന്തയോ തന്തയുടെ തന്തയോ ആരെന്നു നോക്കിയാണ്‌ മക്കള്‍ മഹാന്മാരോ മഹതികളോ ആകുന്നത്‌ എന്ന കോണ്‍ഗ്രസ്സിന്റെ കീഴ്‌ വഴക്കം സി പി എമ്മിലും വന്നു ചേര്‍ന്നിരിക്കുന്നു എന്നത്‌ അത്യന്തം ലജ്ജാകരമാണ്‌. അതും സംസ്‌കാരമുണ്ടെന്ന്‌ പകല്‍ വെളിച്ചത്തില്‍ പറഞ്ഞു നടക്കുകയും പാതിരാക്ക്‌ ഫ്രഞ്ചുകാരിപ്പെണ്ണിനൊപ്പം അന്തിയുറങ്ങണമെന്ന്‌ ശാഠ്യം പിടിച്ചു കരയുകയും ചെയ്യുന്നവര്‍ തന്നെ പറയുമ്പോള്‍. ആശാന്‍ കുരക്കുമ്പോള്‍ പിന്നാലെ ഓരിയിടാനെങ്കിലും പപ്പനാഭനും ചിലപ്പോള്‍ അഴീക്കോടും എത്തുന്നുവെന്നത്‌ ബേബി ഭരിക്കുന്ന സാംസ്‌കാരിക കേരളത്തിന്റെ ശാപം.

വിനീതനായ കുഞ്ഞാലി
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി ബഹുമാനപ്പെട്ട ഹൈക്കോടതി ശരി വച്ചു. കോടതി ഒന്നുകൂടെ പറഞ്ഞു. അജിത കുഞ്ഞാലിക്കുട്ടിയേക്കുറിച്ചുള്ള കേട്ടു കേള്‍വി വിശ്വസിച്ച്‌ ഇറങ്ങിപ്പുറപ്പെട്ടു. പോരേ പൂരം. കുഞ്ഞാലിക്കുട്ടി വിശുദ്ധന്‍. ഇനി വിനീതനായ ഞാന്‍ എന്ന്‌ ധൈര്യമായി പറയാം. അജിത എന്ന സ്‌ത്രീവാദി കുടിലബുദ്ധികളില്‍ കുടിലബുദ്ധിയായ സമൂഹം വെറുക്കപ്പെടേണ്ടവരാണ്‌. അജിതയൊഴികെ അന്ന്‌ ഐസ്‌ ക്രീം കേസിനെതിരെ രംഗത്തുവന്നവരില്‍ അധികമാരും പ്രതികരിച്ചു കണ്ടില്ല. അന്ന്‌ ഈ പ്രശ്‌നത്തിന്‌ പിന്നാലെ ഓടി നടന്ന വി എസ്‌ അച്യുതാനന്ദനോ സാംസ്‌കാരിക നായകരോ കൂടുതലൊന്നും മിണ്ടിയില്ല. റജീന പ്രശ്‌നത്തിന്റെ പേരില്‍ അടിവാങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്ത രണ്ടോ മൂന്നോ കോളത്തിലൊതുക്കേണ്ടിവന്നു. വിനീതനായ ഞാന്‍ വീണ്ടും ജയിച്ചു.

നായനാര്‍ മന്ത്രിസഭയുടെ കാലത്ത്‌ കുഞ്ഞാലിയെ രക്ഷിച്ച അതേ പാര്‍ട്ടി ഭരിക്കുന്ന അവസരത്തില്‍ ഇതില്‍ കൂടുതലൊന്നും സംഭവിക്കില്ലല്ലോ?. അന്ന്‌ കേരളത്തിലെ തൊണ്ണൂറു ശതമാനം പേരും കുഞ്ഞാലിക്കുട്ടി ഒരു ഒന്നാം തരം കോഴിയാണെന്ന്‌ വിശ്വസിച്ചിരുന്നതാണ്‌. ഉംറ നമസ്‌കാരം കഴിഞ്ഞ്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ശേഷമുള്ള സംഭവ വികാസങ്ങള്‍ ബാക്കിയുള്ളവരേക്കൂടി അതു വിശ്വസിപ്പിച്ചു. എയര്‍പോര്‍ട്ടില്‍ തടിച്ചു കൂടിയ ലീഗുകാര്‍ ദീപയെന്ന പത്രപ്രവര്‍ത്തകയെ ക്രൂരമായി തന്നെ മര്‍ദ്ദിച്ചു. പിന്നീട്‌ കേരളമാസകലം പത്രപ്രവര്‍ത്തകരെ കുഞ്ഞാലിക്കുട്ടിയെ വച്ചോണ്ടിരിക്കുന്ന കള്ളഖദറുകാരുടെ പോലീസ്‌ അടിച്ചൊതുക്കി. കുഞ്ഞന്‌ ഒന്നും സംഭവിക്കില്ലെന്ന്‌ പൊതുജനം അന്നേ വിധിയെഴുതിയതാണ്‌. കുറ്റിപ്പുറത്ത്‌ കെ ടി ജലീലിനോടും തോറ്റു പാര്‍ട്ടിയിലെ സ്ഥാനം പോയെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ കുഞ്ഞാലിക്കുട്ടി തിരിച്ചു വന്നു. പാണക്കാട്‌ തങ്ങള്‍ക്ക്‌ വയസ്സാം കാലത്ത്‌ ഒരു ബീവിയെക്കൂടി ഉണ്ടാക്കിക്കൊടുത്തതോടെ കുഞ്ഞാലി പുലിയായി. റജീന വാടകക്കെടുത്ത ഭര്‍ത്താവിനൊപ്പം വയനാടന്‍ മല കയറി. ഐസ്‌ക്രീം ശ്രീദേവി പാണക്കാട്ടെ വീട്ടില്‍ തങ്ങളുടെ മക്കളുടെ കല്ല്യാണത്തിനും ഇഫ്‌താര്‍ പാര്‍ട്ടിക്കും കയറിയിറങ്ങിയ അതേ സ്വാതന്ത്ര്യത്തോടെ ഇന്നും വിഹരിക്കുന്നു. പോതുജനം വീണ്ടും കഴുത.

ഐസ്‌ ക്രീം കേസില്‍ പ്രകടമായി രണ്ടു ഘട്ടങ്ങളാണുള്ളത്‌. ആദ്യഘട്ടം നായനാരുടെ കാലില്‍ വീണ്‌ കരഞ്ഞ്‌ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്ത്‌ കുഞ്ഞാലിക്കുട്ടി വിജയശ്രീലാളിതനായ ഘട്ടം. രണ്ടാമത്തേത്‌ രജീന രംഗത്തുവന്ന്‌ മാധ്യമങ്ങള്‍ ഏറ്റെടുത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ തൊലിക്കട്ടി പരീക്ഷിക്കപ്പെട്ട ഘട്ടം.

കോഴിക്കോട്‌ ബീച്ചിലുള്ള ശ്രീദേവിയുടെ ഐസ്‌ ക്രീം പാര്‍ലര്‍ ചുറ്റിപ്പറ്റി പെണ്‍വാണിഭം നടക്കുന്നുവെന്ന്‌ കണ്ടെത്തിയതോടെ 1997 ഓഗസ്റ്റ്‌ ആറിനാണ്‌ കോഴിക്കോട്‌ നടക്കാവ്‌ പോലീസ്‌ സ്റ്റേഷനില്‍ എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്യുന്നത്‌. പക്ഷേ അതില്‍ ചാര്‍ജ്ജ്‌ ഷീറ്റ്‌ വരുന്നത്‌ 2005 ഒക്‌ടോബറില്‍. ജനാധിപത്യരാജ്യമെന്ന്‌ അഹങ്കരിക്കുന്ന നമ്മുടെ നാട്ടില്‍ എട്ടു വര്‍ഷം സമയമെടുത്തു അതിന്‌. അന്നേ വിവരമുള്ളവര്‍ പറഞ്ഞതാണ്‌ ഈ കേസ്‌ ഇങ്ങനെയൊക്കെയേ ആയിത്തീരു എന്ന്‌. എല്‍ ഡി എഫിലും യൂഡി എഫിലും ഒരേ പോലെ പിടിപാടുള്ള കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നന്നായി കളിച്ചതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌. കാട്ടുകള്ളനാണെന്നറിഞ്ഞിട്ടും കേരളത്തിലെ സംഘടനകള്‍ എത്രയെണ്ണം കുഞ്ഞാലിക്കെതിരെ രംഗത്തുവന്നു. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണമെന്ന്‌ പറഞ്ഞ്‌ ആദ്യഘട്ടത്തില്‍ ശബ്‌ദമുയര്‍ത്തിയ ഏഷ്യാനെറ്റ്‌ പോലും റെജീനയുടെ വെളിപ്പെടുത്തല്‍ മൂടി വെച്ചില്ലേ. ഒടുവില്‍ കുഞ്ഞാലിയുടെ അതേ പാര്‍ട്ടിക്കാരനായ മുനീര്‍ ചെയര്‍മാനായുള്ള ഇന്ത്യാവിഷന്‍ തന്നെ വേണ്ടിവന്നു അത്‌ കേരളം മുഴുവന്‍ എത്തിക്കാന്‍. മേല്‍പറഞ്ഞ ചാനലിന്റെ തലവന്റെ പേര്‌ മറ്റൊരു പീഡനകേസുമായി പറഞ്ഞു കേട്ട സമയമായിരുന്നു അത്‌. സംഭവിച്ചതെന്താണെന്ന്‌ സ്‌പഷ്‌ടം. റജീനയെ കണ്ടുപിടിച്ചു കൊണ്ടുവന്ന ഏഷ്യാനെറ്റിലെ വനിതാറിപ്പോര്‍ട്ടര്‍ നാഭിക്ക്‌ ചവിട്ടു കിട്ടി വേദനകൊണ്ടു പുളയുമ്പോഴും ഉടന്‍ തിരിച്ച്‌ ജോലിക്കു കയറാന്‍ തലപ്പത്തു നിന്നും ഓര്‍ഡല്‍. ചാനലില്‍ തിളങ്ങി നിന്ന റിപ്പോര്‍ട്ടറെ പിന്നെ ക്രമേണ കാണാതാകുന്നു. മൂല്യാധിഷ്‌ടിത പത്ര പവര്‍ത്തനം തകധിമി.

മൊഴിമാറ്റിപ്പറഞ്ഞതിന്റെ പേരില്‍ എല്ലാ മാസവും കുഞ്ഞാലിക്കുട്ടി നേരിട്ടോ ബന്ധു റഹൂഫ്‌ വഴിയോ കൊടുത്തുകൊണ്ടിരുന്ന കാശ്‌ കിട്ടാതെവന്നപ്പോളാണ്‌ സത്യം പറയുന്നതെന്നു പറഞ്ഞ്‌ രംഗത്തു വന്ന രജീന ജീവനു വേണ്ടി പത്രക്കാരെയും അജിതയെയും ഒരു നാലാംകിട വേശ്യയേക്കാളും മോശമായ സ്വരത്തില്‍ അധിക്ഷേപിക്കുന്നത്‌ കേരളം കേട്ടും വായിച്ചുമറിഞ്ഞു. റജീനയുടെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തില്‍ കേസെടുക്കണമെന്ന്‌ പറഞ്ഞ്‌ പരാതി നല്‍കിയ പി ജെ സെബാസ്റ്റ്യന്‍ എന്ന മാന്യന്‍ പരാതിയും പിന്‍വലിച്ച്‌ പോക്കറ്റും നിറച്ച്‌ അപ്രത്യക്ഷനായി. തന്റെ പതിനാറാം വയസ്സിലാണ്‌ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചതെന്ന്‌ റജീന പലതവണ വിളിച്ചു പറഞ്ഞെങ്ക#ിലും അത്‌ തെളിയിക്കാവുന്ന അവസാനത്തെ രേഖയായ രജീന പഠിച്ച കുറ്റിച്ചിറ കോളജിലെ രജിസ്റ്ററിലെ പേജും കാണാതായി. പ്രതിപട്ടികയില്‍ ഏഴോളം സ്ഥലത്ത്‌ കുഞ്ഞാലിയുടെയും ഡ്രൈവര്‍ അരവിന്ദന്റെയും പേരുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ അതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍(പ്രോസ്റ്റിറ്റിയൂട്ടര്‍ അല്ല) വരെ കോടതിയോടാവശ്യപ്പെട്ടു. കേസ്‌ കോടതിയിലെത്തിയപ്പോള്‍ വിനീതനായ കുഞ്ഞാലി കൂടുതല്‍ വിനീതന്‍. യെവന്‍ പുലി തന്നെയാണ്‌ കേട്ടാ.. 

വെളിയനും പത്തിവരും കാലം
പേരുകേട്ടാല്‍ അളിഞ്ഞ ഏതോ സാധനമാണെന്നു തോന്നുമെന്നേയുള്ളൂ. വെളിയന്‍ ആളു പുലിയാണെന്ന്‌ നമ്മള്‍ മൂന്നാറില്‍ കണ്ടതാണ്‌. ഇടക്കിടക്ക്‌ മൂക്കിപ്പൊടി വലിച്ച്‌ പുതുക്കിന്‌ തവള കരയുമ്പോലെ ശബ്‌ദമുണ്ടാക്കി അധികമൊന്നും പ്രശ്‌നമുണ്ടാക്കാതെയിരുന്ന പഴയ കാലത്തെക്കുറിച്ച്‌ ആള്‍ക്ക്‌ ഇപ്പോള്‍ ഓര്‍ക്കാനെ വയ്യ. മന്ത്രി കെ പി രാജേന്ദനും സി ദിവാകരനും മാന്യന്മാരാണെന്നായിരുന്നു വെപ്പ്‌. ഇത്‌ കലികാലമാണ്‌ എല്ലാ ഞാഞ്ഞൂലുകള്‍ക്കും പത്തി വരുന്ന കാലം. കൊടിയേരി പറഞ്ഞതുപോലെ നല്ല ഒന്നാം നമ്പര്‍ തെണ്ടിത്തരമാണ്‌ മേല്‍പ്പറഞ്ഞ നേതാക്കളും മന്ത്രിമാരുമെല്ലാം കൂടെ കാണിച്ചത്‌. വനിതാ പോലീസിനെ പരസ്യമായി ചെകിട്ടത്തടിച്ച ഏതോ ഒരുമ്പെട്ട പ്രവര്‍ത്തകയെ മുണ്ടും മടക്കിക്കുത്തി രണ്ടു മന്ത്രിമാരും വെളിയനും ചെര്‍ന്ന്‌ ഇന്‍സ്‌പെക്‌ടറുടെ കുത്തിനു പിടിച്ച്‌ മോചിപ്പിച്ചിരിക്കുന്നു. സത്യപ്രതിജ്ഞയുടെ ലംഘനമെന്നും മറ്റും പറഞ്ഞ്‌ വല്ല്യേട്ടന്മാര്‍ ബഹളം വച്ചിട്ടൊന്നും കാര്യമില്ല. സി പി ഐ അതല്ല അതിനപ്പുറവും ചെയ്യും. വെറുതെ പ്രഹസനത്തിന്‌ എല്‍ ഡി എഫ്‌ കമ്മറ്റികൂടുമ്പോള്‍ കാണിച്ചു കൊടുക്കാം എന്നൊന്നും പറഞ്ഞ്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടണ്ട. ഇതൊക്കെ കേരളം ഒരുപാട്‌ കണ്ടതാണ്‌. കൂടിവന്നാല്‍ രാജേന്ദ്രന്റെയും ദിവാകരന്റെയും കുന്നിക്കുപിടിക്കാമെന്നും വെളിയത്തിനെ നോക്കി കണ്ണുരുട്ടാമെന്നും പറഞ്ഞ്‌ കമ്മറ്റി പിരിയും. ഇക്കാര്യം പറഞ്ഞ കൊടിയേരിയുടെ തൊലിക്കട്ടി സമ്മതിക്കണം. പണ്ട്‌ മകന്‍ ബിനീഷ്‌ കോടിയേരി പഠിക്കുന്ന കാലത്ത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കോടിയേരിയും ശിവദാസമേനോനും മുണ്ടും മടക്കിക്കുത്തി പോലീസിനെ വിളിച്ചു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. എന്തു പറയാം കാണ്ടാമുഗത്തെ വെല്ലുന്ന തൊലിക്കട്ടി.

അഛന്റെ മകന്‍
പെരുവഴിയില്‍ ഭിക്ഷ തെണ്ടുന്നവന്‌ എന്തും പറയാം. അതാണ്‌ കെ മുരളീധരന്റെ അവസ്ഥ. എന്‍ സി പിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലാത്തവര്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം കാലിയാക്കിക്കൊള്ളണമെന്ന്‌ അന്ത്യശാസനവും കൊടുത്തു കഴിഞ്ഞു. എന്‍ സി പി വിട്ട്‌ കരുണാകരന്‍ പുറത്തുപോകുന്നു എന്നു പറഞ്ഞപ്പോള്‍ ആദ്യം കാലു പിടിച്ചു, പിന്നീട്‌ പോനാല്‍ പോഹട്ടും പോടാ എന്നായി. ഇപ്പോള്‍ അഛന്‍ പോടാ എന്നാണ്‌ പറച്ചില്‍. എന്‍ സി പിയില്‍ കുഴപ്പമുണ്ടാക്കുന്ന ഒരുത്തനേം വെച്ചോണ്ടിരിക്കില്ല എന്നു പറഞ്ഞാല്‍ നമ്മള്‍ അഛനൊഴികെ എന്നു കൂടി മനസ്സില്‍ വായിച്ചോളണം. കരുണാകരനെ നോവിക്കരുതെന്ന്‌ പവാര്‍ പറഞ്ഞതല്ലേ എന്തുചെയ്യാം. പാര്‍ട്ടി പ്രവര്‍ത്തകനെന്ന്‌ പറയാവുന്ന സിറിയക്ക്‌ ജോണും കൂട്ടരും പാര്‍ട്ടി വിട്ടു അടുത്തു തന്നെ കോണ്‍ഗ്രസ്സില്‍ ചേരും. ഉഴുന്നുവടയില്ലാതെ മസാലദോശമാത്രം എടുത്തോളാമെന്ന്‌ മദാമ്മാ ഗാന്ധി പറഞ്ഞുവത്രേ. കരുണാകരന്‍ ഇല്ലാത്ത വെറും ഉഴുന്നു വടയായ മുരളീധരനെ എല്‍ ഡി എഫില്‍ എടുത്തോളും എന്ന്‌ അഛനും മകനും കരുതിയിരിക്കുകയാവും. കാത്തിരുന്നു കാണാം. മസാലദോശയുടേയും ഉഴുന്നുവടയുടേയും ആജന്മശത്രുക്കളായ വെളിയവും കൂട്ടര്‍ക്കും പത്തിവച്ച കാര്യം ഇടക്കെങ്കിലും ഓര്‍ക്കുന്നത്‌ നന്ന്‌.

അഴീക്കോട്‌ വീണ്ടും വിമര്‍ശിക്കപ്പെടുന്നു
കാശുകൊടുത്താല്‍ ആര്‍ക്കു വേണ്ടിയും ചീത്തവിളിക്കുമെന്ന്‌ അഴീക്കോടിനെപറ്റി പണ്ടേ ശത്രുക്കല്‍ പറയാറുള്ളതാണ്‌. കാശു കൊടുത്തിട്ടോ കൊടുക്കാതെയോ ഇപ്പോള്‍ പിണറായി വിജയനു വേണ്ടി കുഴലൂതാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌ രസകരം. അതും ഖദറിട്ടുകൊണ്ട്‌. ഗാന്ധിയനാണെങ്കില്‍ ഗാന്ധിയെപോലെ നഗ്ന പാദനായി നടക്കണമെന്നൊന്നുമില്ലല്ലോ. പണ്ടത്തെപ്പോലെ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ ക്‌ട്ടന്‍ ചായയും മുറിബീഡിയുമാണോ പിന്തുടരുന്നത്‌. എന്നാല്‍ അഴീക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്സിലെങ്കിലും യാത്ര ചെയ്യുന്നത്‌ ആരെങ്കിലും കണ്ടിട്ടുണ്ടോ?.
പ്രതികരണശേഷിയേക്കുറിച്ച്‌ ഇടക്കിടെ തട്ടിവിടാറുള്ളയാളാണ്‌ അഴീക്കോട്‌. പ്രായമായതുകൊണ്ട്‌ ആ ശേഷി നഷ്‌ടപ്പെട്ടതുകൊണ്ടാകാം ഇങ്ങനെ പറഞ്ഞ്‌ തൃപ്‌തിപ്പെടുന്നത്‌ എന്നൂഹിക്കാന്‍ ന്യായം കാണുന്നില്ല. പണ്ട്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ അഴീക്കോടിനെ കള്ളനെന്നു വിളിച്ചതിനെതിരെ അഴീക്കോട്‌ പറഞ്ഞത്‌ തികഞ്ഞ ഒരു ഗാന്ധിയന്‌ ചേര്‍ന്ന രീതിയിലായിരുന്നു. എന്നെ തെറിപറഞ്ഞ്‌ ഒരു ചെറുപ്പക്കാരന്‌ ജോലി കിട്ടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന അഴീക്കോട്‌ വചനത്തിന്‌ അന്ന്‌ കുഴപ്പമില്ലാതെ സര്‍ക്കുലേഷന്‍ ലഭിച്ചതുമാണ്‌. എന്നാല്‍ സുകുമാര്‍ അഴീക്കോട്‌ എന്ന വലിയ ബ്രാന്റിനെ മുന്നില്‍ കണ്ട്‌ എടുത്തുചാടിയ കുറച്ചു ചെറുപ്പക്കാരുടെ ഗതികേടിനെ പറ്റി അഴീക്കോട്‌ മാഷ്‌ എവിടെയും ഒന്നും പറഞ്ഞു കണ്ടില്ല.

വര്‍ത്തമാനം ദിനപ്പത്രം അഴീക്കോടിന്റെ ദിനപ്പത്രം എന്ന നിലക്കാണ്‌ പ്രചരിപ്പിച്ചു വന്നിരുന്നത്‌. വിവരമുള്ള ആരെങ്കിലും ആ പത്രം വാങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ അഴീക്കോടിന്റെ പേര്‌ കണ്ടിട്ടാണു താനും. പക്ഷേ അഴീക്കോട്‌ എന്ന മഹാമനുഷ്യന്റെ പേരില്‍ തുടങ്ങിയ പത്രം ക്രമേണ ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കുന്ന പണി നിര്‍ത്തി എന്നു മാത്രമല്ല ജീവനക്കാരുടെ പേരില്‍ പേഴ്‌സണല്‍ ലോണ്‍ എടുക്കുകയും ചെയ്‌തു. കമ്പനി തന്നെ തിരിച്ചടക്കാമെന്ന്‌ വാഗ്‌ദാനവും നല്‍കി. സമയത്ത്‌ ഭക്ഷണം കഴിച്ചില്ലെങ്കില്‍ വിശക്കുമെന്നുള്ളതുകൊണ്ടും പട്ടിണികിടന്നാല്‍ മരിച്ചു പൊകുമെന്നുള്ളതുകൊണ്ടും കുടുംബവും കുട്ടികളുമുള്ളതുകൊണ്ടും അന്നത്തെ ജീവനക്കാര്‍ മിക്കവരും വര്‍ത്തമാനം വിട്ട്‌ പുറത്തുപോയി. വര്‍ഷങ്ങള്‍ക്കു ശേഷം വക്കീല്‍ നോട്ടീസ്‌ വന്നപ്പോഴാണ്‌ അഴീക്കോടിന്റെ പഴയ ശിഷ്യന്‍മാര്‍ അക്കിടി മനസ്സിലാക്കിയത്‌. പക്ഷേ ബാങ്കു വായ്‌പ്പയുടെ പേരില്‍ കടക്കെണിയിലായ ഇവര്‍ക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാന്‍ സാക്ഷാല്‍ അഴീക്കോട്‌ മാഷ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാഷു മാത്രമല്ല കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളധികമാരും ഒരക്ഷരം മിണ്ടിയില്ല. ഇതേപറ്റി ചോദിച്ചവരോടൊക്കെ വര്‍ത്തമാനം മാനേജ്‌ മെന്റ്‌ നല്ല തങ്കപ്പെട്ട മനുഷ്യരാണ്‌, മുതലാളി പി വി അബ്‌ദുള്‍ വഹാബ്‌ എന്നയാള്‍ മഹാത്മാഗാന്ധിയോളം തന്നെ ഉന്നതനാണ്‌ എന്നൊക്കെയാണ്‌ തട്ടിവിട്ടത്‌.

പ്രായം കൂടിയാല്‍ ചില മനുഷ്യന്‍ ഇങ്ങനെയാകും. പക്ഷേ അഴീക്കോടിനോളം നാറ്റക്കേസുകളായി മാറരുത്‌. രാഷ്‌ട്രീയ പരമായുള്ള ചാഞ്ചാട്ടമൊക്കെ മനസ്സിലാക്കാം. പ്ലാച്ചി മടയിലും മറ്റും ഓടി നടന്ന്‌ സമരം നടത്തിയ അഴീക്കോടിനെ അതിലെല്ലാമുപരി ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായിട്ടുകൂടിയാണ്‌ കേരളം കണ്ടത്‌. കേരളത്തിലെ ഒരു പറ്റം ജേണലിസ്റ്റുകള്‍ ജപ്‌തി ഭീഷണി നേരിടുമ്പോള്‍ ശ്രീമാന്‍ അഴീക്കോട്‌ വര്‍ത്തമാനം നല്‍കിയ ബലേനോവില്‍ നാടൊട്ടുക്കും പറന്നു നടക്കുകയായിരുന്നു. ഒടു വില്‍ അതു വിറ്റ്‌ കാശാക്കി മഹാത്മാ അബ്‌ദുള്‍ വഹാബിന്റെ പുതുപുത്തന്‍ വണ്ടിയിലാണ്‌ സഞ്ചാരം. പുതിയ വീട്ടിലേക്ക്‌ റോഡു വരെ വെട്ടിക്കൊടുക്കാമെന്ന്‌ മുതലാളിമാര്‍ വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു. മനുഷ്യനായാല്‍ പറയുന്ന വാക്കിന്‌ കുറച്ചെങ്കിലും വില വേണം. വള്ളിനിക്കറിടുന്ന പ്രായം മുതലേ മനുഷ്യന്‌ പറഞ്ഞിട്ടുള്ള മറ്റൊരു സാധനമാണ്‌ നാണം. ഇവ രണ്ടും നഷ്‌ടപ്പെട്ടിട്ടില്ല എന്നാണ്‌ പാവം മലയാളിക്‌ള്‍ വിശ്വസിക്കുന്നത്‌. അതു ശരിയാണെങ്കില്‍ വഹാബ്‌ വച്ചു നീട്ടിയതെല്ലാം വലിച്ചെറിഞ്ഞു സ്വതന്ത്രനായി വഞ്ചിക്കപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളാനാകുമോ മാഷിന്‌.

പുഴ.കോമില്‍ പ്രസിദ്ധീകരിച്ചത്‌